
കോട്ടയം: പാല മുനിസിപ്പാലിറ്റിയിൽ യുഡിഎഫിനെ പിന്തുണയ്‌ക്കണമെങ്കിൽ ചെയർപേഴ്‌സൺ സ്ഥാനം വേണമെന്ന് സ്വതന്ത്രയായി ജയിച്ച മായ രാഹുൽ. എന്നാൽ, സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച തന്റെ മകളെ ചെയർപേഴ്‌സൺ ആക്കണമെന്നാണ് ബിനു പുളിക്കക്കണ്ടത്തിൽ പറയുന്നത്. ബിനു പുളിക്കക്കണ്ടത്തിലും മകൾ ദിയയും സഹോദരൻ ബിജുവും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചിരുന്നു. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത പാല മുനിസിപ്പാലിറ്റിയിൽ സ്വതന്ത്രരുടെ തീരുമാനം നിർണായകമാണ്.
ബിനുവും കുടുംബവും മത്സരിച്ച മൂന്ന് വാർഡിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല. ഇവിടങ്ങളിൽ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്‌മയെ യുഡിഎഫ് പിന്തുണയ്‌ക്കുകയായിരുന്നു. എന്നാൽ സ്വതന്ത്രരുടെ ആവശ്യങ്ങൾക്ക് മുന്നിൽ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് കോൺഗ്രസ്.
പാല മുനിസിപ്പാലിറ്റിയിൽ പത്ത് സീറ്റാണ് യുഡിഎഫിനുള്ളത്. ഒരു സ്വതന്ത്രനുൾപ്പെടെ എൽഡിഎഫിന് 12 സീറ്റുണ്ട്. സ്വതന്ത്രരെ കൂട്ടി ഭരണത്തിലേറാനുള്ള നീക്കത്തിലാണ് മുന്നണികൾ. എന്നാൽ, ചെയർപേഴ്‌സൺ സ്ഥാനം ഉന്നയിച്ചതോടെ യുഡിഎഫ് കുഴങ്ങി.
കേരള കോൺഗ്രസ് മാണി വിഭാഗം നേതാവായിരുന്ന ബിനു പുളിക്കക്കണ്ടം പാർട്ടിയുടെ ചെയർമാനായ ജോസ് കെ മാണിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ പുറത്താക്കപ്പെട്ട ആളാണ്. കഴിഞ്ഞ തവണ സിപിഎം പ്രതിനിധിയായി വിജയിച്ചപ്പോൾ മുതലാണ് ബിനു, ജോസ് കെ മാണിക്കെതിരെ വിമർശനം ഉന്നയിക്കാൻ തുടങ്ങിയത്. ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് 17 വാർഡുകളിൽ ജയിച്ച് ഭരണം പിടിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |