കൊച്ചി: സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായ കലൂർ കുറ്റിപ്പുറത്തു വീട്ടിൽ കെ.ജെ.ജേക്കബ് (77) നിര്യാതനായി. ഹൃദ്രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് മൂന്നുവരെ കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലെയ്‌നിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ഇന്നലെ വൈകിട്ട് കലൂർ ലെനിൻ സെന്ററിലെ പൊതുദർശനത്തിൽ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു.
ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദീർഘകാലം എറണാകുളം ഏരിയാ സെക്രട്ടറിയുമായിരുന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, അഖിലേന്ത്യ കൗൺസിൽ അംഗം, ബാംബൂ കോർപ്പറേഷൻ ചെയർമാൻ, കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ്, എറണാകുളം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
പരേതരായ കെ.സി.ജോസഫിന്റെയും റോസക്കുട്ടിയുടെയും മകനാണ്. ഭാര്യ: മേരി. മക്കൾ: ബ്രൈനി റോസ് ജേക്കബ് (ചാർട്ടേഡ് അക്കൗണ്ടന്റ്), അരുൺ ജേക്കബ് (എൻജിനിയർ, സിംഗപ്പൂർ), അനു ജേക്കബ് (എൻജിനിയർ, ബി.എസ്.എൻ.എൽ, മുംബയ്). മരുമക്കൾ: അഭിലാഷ് പി. ചെറിയാൻ (ചാർട്ടേഡ് അക്കൗണ്ടന്റ് ), ദീപ്തി ജോൺ (സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസ്, എറണാകുളം), ഗാവിഷ് ജോർജ് (എൻജിനിയർ, മുംബയ് ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |