
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നടൻ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിനെതിരെ തർക്കം. ഒരു യാത്രക്കാരി പ്രതിഷേധം അറിയിച്ചതോടെ ബസിലെ മറ്റ് യാത്രക്കാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടാകുകയും വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നു. തിരുവനന്തപുരം – തൊട്ടിൽപാലം സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം. വഴക്ക് രൂക്ഷമായപ്പോൾ കണ്ടക്ടർ സിനമ നിർത്തിവച്ചു.
ദിലീപ് നായകനായ 'പറക്കുംതളിക' സിനിമയുടെ പ്രദർശനമാണ് തർക്കത്തിന് കാരണമായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ. ശേഖർ എന്ന യുവതിയാണ് സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ആദ്യം ശബ്ദമുയർത്തിയത്. ഇതിനു പിന്നാലെ മറ്റു യാത്രക്കാരും ലക്ഷ്മിയെ പിന്തുണച്ചതോടെ കണ്ടക്ടർ സിനിമയുടെ പ്രദർശനം നിർത്തി വയ്ക്കുകയായിരുന്നു. കെഎസ്ആർടിസി ബസിൽ യാത്രക്കാർക്ക് താൽപര്യമില്ലാത്ത സിനിമകൾ നിർബന്ധിച്ച് കാണിപ്പിക്കരുതെന്നും യുവതി പറഞ്ഞു. തന്റെ അഭിപ്രായം അറിയിച്ചതിന് ഭൂരിഭാഗം യാത്രക്കാരും അനുകൂലമായാണ് പ്രതികരിച്ചതെന്നും യുവതി പിന്നീട് വ്യക്തമാക്കി.
എന്നാൽ സിനിമ നിർത്തിവച്ചതിനെതിരെ നടനെ അനുകൂലിച്ച് ചില യാത്രക്കാർ രംഗത്തെത്തി. കോടതി വിധി വന്ന വിഷയത്തിൽ സംസാരിക്കുന്നതെന്തിനാണെന്ന് ചിലർ വാദിച്ചു. ഇതിനു മറുപടിയായി ഞങ്ങൾ സ്ത്രീകൾക്ക് ഈ സിനിമ കാണാൻ താൽപര്യമില്ലെന്നായിരുന്നു ചോദ്യം ഉന്നയിച്ചവരോട് യുവതി പറഞ്ഞത്. 'കോടതിവിധികൾ പലതും വന്നിട്ടുണ്ട്. പക്ഷേ ദിലീപിന്റെ സിനിമ ഈ ബസിൽ കാണാൻ പറ്റില്ല,' എന്ന് യുവതി ഉറച്ച് പറയുകയായിരുന്നു. മറ്റ് ചില സ്ത്രീകളും യുവതിയെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |