
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിന്റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിനെതിരെ യാത്രക്കാർ നടത്തിയ പ്രതിഷേധം വാർത്താ പ്രാധാന്യം നേടിയിരുന്നു. കേസിൽ നിന്നും കുറ്റവിമുക്തനായല്ലോയെന്ന് ചിലർ എതിരഭിപ്രായം പ്രകടിപ്പിച്ചെങ്കിലും സ്‌ത്രീകൾ ഒന്നടങ്കം സിനിമ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രതിഷേധത്തിനൊടുവിൽ സിനിമ നിർത്തി വച്ചു. കുടുംബത്തിനൊപ്പം ബസിൽ സഞ്ചരിച്ച പത്തനംതിട്ട സ്വദേശി ലക്ഷ്‌മി ആർ ശേഖറാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. ഇപ്പോഴിതാ ബസിൽ നടന്ന സംഭവങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറഞ്ഞിരിക്കുകയാണ് ലക്ഷ്‌മി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു പ്രതികരണം.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ തന്നോട് ചോദിച്ച ചോദ്യത്തിൽ നിന്നാണ് ബസിൽ പ്രദർശിപ്പിക്കുന്ന സിനിമയെപ്പറ്റി ചിന്തിച്ചതെന്ന് ലക്ഷ്‌മി പറയുന്നു. ' ഈ വഷളന്റെ സിനിമയാണല്ലോ അമ്മേ ബസിൽ ഇട്ടിരിക്കുന്നതെ'ന്നായിരുന്നു മകന്റെ ചോദ്യം. അതിജീവിതയ്‌ക്കൊപ്പം എന്ന് പറഞ്ഞിട്ട് രണ്ടര മണിക്കൂർ ബസിലിരുന്ന് സിനിമ കാണാനാകില്ലെന്നും സിനിമ നിർത്തണമെന്നും കണ്ടക്‌ടറോട് ലക്ഷ്‌മി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ അടൂരിൽ ഇറങ്ങുമെന്ന് പറഞ്ഞപ്പോൾ അങ്ങനെ ചെയ്‌തോളു എന്നായിരുന്നു കണ്ടക്‌ടറുടെ പ്രതികരണം.
'കോടതി വിധി വന്നതല്ലേ, ക്ലീൻ ചിറ്റ് നൽകിയതല്ലേയെന്നായിരുന്നു എതിർക്കുന്നവരുടെ വാദം. പക്ഷേ അത് അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. എന്റെ മനസാക്ഷി അനുവദിക്കാത്തതുകൊണ്ട് ബസിലെ മറ്റുള്ളവരോടും ചോദിച്ചു. ദിലീപിന്റെ സിനിമ കാണാൻ താൽപര്യമില്ലെന്നാണ് വനിതകൾ ഒന്നടങ്കം പറഞ്ഞത്. എല്ലാവരും പ്രതിഷേധിക്കുന്നത് കണ്ടതോടെയും ഞങ്ങളുടെ ആവശ്യം ശക്തമായതോടെയും കണ്ടക്‌ടർ സിനിമ ഓഫ് ചെയ്യുകയായിരുന്നു'- ലക്ഷ്‌മി പറഞ്ഞു. ശനിയാഴ്‌ച വൈകുന്നേരം തിരുവനന്തപുരം – തൊട്ടിൽപാലം സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു സംഭവം. ദിലീപ് ചിത്രം പറക്കും തളികയാണ് ബസിൽ പ്രദർശിപ്പിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |