കോട്ടയം: കെഎസ്ഇബി ഓഫീസിന് മുകളിലെ ചോര്‍ച്ച പരിഹരിക്കാന്‍ കയറിയ കരാര്‍ തൊഴിലാളിക്ക് ഏണിയില്‍ നിന്ന് താഴെ വീണ് പരിക്ക്. കുറുപ്പന്തറ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയര്‍ ഓഫീസിലെ തൊഴിലാളി വെള്ളൂര്‍ സ്വദേശി കെകെ കുഞ്ഞുമോനാണ് (45) പരിക്കേറ്റത്.
ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. സീലിംഗിന് മുകളിലെ ഷീറ്റിട്ട മേല്‍ക്കൂരയില്‍ നിന്ന് മഴവെള്ളം താഴേക്ക് വീഴുന്നുണ്ടായിരുന്നു. കുഞ്ഞുമോന്‍ ഏണിയില്‍ കയറി നിന്ന് സീലിംഗ് മാറ്റി ചോര്‍ച്ച പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്നി താഴെ വീഴുകയായിരുന്നു. തലയ്ക്കും മുഖത്തിനും കൈക്കും സാരമായി പരിക്കേറ്റ കുഞ്ഞുമോനെ ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറെ നാളുകളായി കെട്ടിടത്തിന്റെ മേല്‍ക്കൂര ചോര്‍ന്ന് ഒലിക്കുന്ന സ്ഥിതിയിലാണ്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ഓഫീസിനുള്ളില്‍ വെള്ളം നിറഞ്ഞു. കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിനായി മാഞ്ഞൂര്‍ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. നിര്‍മാണം ആരംഭിക്കാനിരിക്കെയാണ് അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |