തിരുവനന്തപുരം: ജൽജീവൻ മിഷൻ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാൻ
സംസ്ഥാന വിഹിതമായി നബാർഡിൽ നിന്ന് വായ്പയെടുക്കുന്ന 9,000 കോടിയുടെ തിരിച്ചടവ് വാട്ടർ അതോറിട്ടിക്ക് വൻ ബാദ്ധ്യതയാകുമെന്ന് ആശങ്ക.
വായ്പാ ഉത്തരവ് പിൻവലിക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.
ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാൻ 2020ൽ നിലവിൽ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്.ദൈനംദിന ചെലവുകൾക്ക് പോലും പണം കണ്ടെത്താനാകാത്ത അവസ്ഥയിലാണ് വാട്ടർ അതോറിട്ടി. ജൽജീവൻ പദ്ധതിയിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളിൽ മാത്രം 6039.24 കോടി രൂപ കരാറുകാർക്ക് കുടിശിക നൽകാനുണ്ട്. അതു തീർക്കാൻ നബാർഡിൽ നിന്ന് ആദ്യഗഡുവായി കിട്ടുന്ന 5000 കോടി വിനിയോഗിക്കാനാണ് സർക്കാരിന്റെ നിർദ്ദേശം.
കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ബാദ്ധ്യത നിർവഹണ ഏജൻസിയായ വാട്ടർ അതോറിട്ടി മാത്രം ഏറ്റെടുക്കേണ്ടതല്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ഭാവിയിൽ നൽകാൻ പോകുന്ന കണക്ഷനുകളിലെ വരുമാനത്തിൽ നിന്ന് വായ്പ തിരിച്ചടയ്ക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.
കാലാവധി 2028 വരെ നീട്ടിയിട്ടുണ്ടെങ്കിലും പദ്ധതി വിനിയോഗം ശരിയായ വിധത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി പുതുതായി വലിയ പ്രവൃത്തികൾ തുടങ്ങുന്നത് കേന്ദ്രം വിലക്കിയിട്ടുണ്ട്. 2024 ഒക്ടോബറിന് ശേഷം കേന്ദ്രവിഹിതം നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഭാരിച്ച വായ്പാബാദ്ധ്യത ഏറ്റെടുക്കുന്നത് വാട്ടർ അതോറിട്ടിയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ജീവനക്കാരും സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
പൂർത്തിയാക്കാൻ 34,000 കോടി വേണം, 17,000 കോടി വീതം കേന്ദ്രവും സംസ്ഥാനവും മുടക്കണം.
ആകെയുള്ള 72 ലക്ഷത്തിൽ കണക്ഷൻ നൽകിയത് 38.36 ലക്ഷം. നൽകാനുള്ളത് 33.64 ലക്ഷം
ചെലവഴിച്ചത് 11643.59 കോടി (കേന്ദ്രം- 5610.30 കോടി, സംസ്ഥാനം- 6033.29 കോടി)
സമരവുമായി സംഘടനകൾ
ജൽജീവൻ മിഷന്റെ സാമ്പത്തിക ബാദ്ധ്യത വാട്ടർ അതോറിട്ടിക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും വായ്പാ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടി ഓഫീസേഴ്സും (അക്വ) കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷനും (ഐ.എൻ.ടി.യു.സി) സമരം പ്രഖ്യാപിച്ചിട്ടുണ്ട്. 29ന് അക്വയും 30ന് സ്റ്റാഫ് അസോസിയേഷനും ജലഭവന് മുമ്പിൽ പ്രതിഷേധ ധർണ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |