മാസ്റ്റർ പ്ളാനിന് കൺസൾട്ടൻസി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രയോജനപ്പെടുത്തി അതിവേഗം വ്യവസായ വികസനം സാദ്ധ്യമാക്കാനും തൊഴിലവസരം സൃഷ്ടിക്കാനും സർക്കാർ നടപടി തുടങ്ങി. ദുബായിലും സിംഗപ്പൂരിലും പോർട്ട്സിറ്റി വികസിപ്പിച്ച മാതൃകയിലാണിത്. മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന് കൺസൾട്ടൻസിയെ നിയോഗിക്കാൻ അനുമതിയായി. പ്രാരംഭച്ചെലവിന് 1.83 കോടി അനുവദിച്ചു.
രാജ്യത്തെ ചരക്കു ഗതാഗതത്തിന്റെ പ്രധാന കവാടമായി മാറുന്ന വിഴിഞ്ഞത്തിലൂടെ വ്യവസായ കുതിപ്പിന് സാദ്ധ്യതയുണ്ട്. പക്ഷേ കയറ്റുമതി, ഇറക്കുമതി, സ്റ്റോറേജ് സൗകര്യങ്ങൾ അതിവേഗമൊരുക്കണം. സംരംഭകർക്കായി അടിസ്ഥാന സൗകര്യങ്ങളുമൊരുക്കണം. ഇതിനുള്ള മാസ്റ്റർ പ്ളാൻ ഉടൻ തയ്യാറാക്കും. ഭൂമി ഏറ്റെടുക്കലാണ് അടുത്തഘട്ടം.
വിഴിഞ്ഞത്ത് ഇതിനകം 500 മദർ ഷിപ്പുകൾ വന്നുകഴിഞ്ഞു. കണ്ടെയ്നറുകൾ ഇറക്കിവച്ച് ചെറിയ കപ്പലുകളിൽ കൊണ്ടുപോകുന്ന ട്രാൻസ്‌ഷിപ്പ്മെന്റ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇതുകൊണ്ട് വ്യവസായ വികസനവും തൊഴിലവസരങ്ങളുമുണ്ടാവില്ല. സംസ്ഥാനത്തിന് ടാക്സ് വിഹിതം കിട്ടുമെന്ന് മാത്രം.
വിദേശത്തു നിന്നടക്കം വൻ നിക്ഷേപത്തിന് താത്പര്യമറിയിക്കുന്നുണ്ടെങ്കിലും ഭൂമി ലഭ്യമല്ലാത്തതാണ് പ്രശ്നം. വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കളെത്തിച്ച് ഉത്പാദനത്തിനും അസംബ്ലിംയിംഗിനും കയറ്റുമതിക്കും കഴിഞ്ഞാലേ ഗുണമുള്ളൂ. സംസ്കരിച്ച മത്സ്യം, പച്ചക്കറി, പഴങ്ങൾ, തേൻ, പൂക്കൾ, കാർഷികോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിങ്ങനെ കയറ്റുമതിക്ക് സാദ്ധ്യതയേറെ.
ലോജിസ്റ്റിക്സ് പാർക്കുകൾ, സംസ്‌കരണഹബ്ബുകൾ,ഗതാഗത ഇടനാഴി,വെയർഹൗസുകൾ, ഗോഡൗണുകൾ, വമ്പൻ സ്റ്റോറേജ് തുടങ്ങിയവ സജ്ജമാക്കാനുള്ള പദ്ധതിയാവും കൺസൾട്ടൻസി തയ്യാറാക്കുക. കണ്ടെയ്നർ ഫ്രൈറ്റ്സ്റ്റേഷനുകൾ, റിപ്പയറിംഗ് യാർഡുകൾ, ഇന്ധനംനിറയ്ക്കാൻ സൗകര്യം, ബാങ്കിംഗ് സേവനങ്ങളും വരും.
ഭൂമി സർക്കാർ
ഏറ്റെടുക്കും
ലോജിസ്റ്റിക്സ് പാർക്കിനും വെയർഹൗസിനും കുറഞ്ഞത് അഞ്ചേക്കർ ആശ്യമുണ്ട്. വ്യവസായ പാർക്കുകൾക്ക് 50-100 ഏക്കറും. സംരംഭകർ നേരിട്ട് ശ്രമിക്കുമ്പോൾ സെന്റിന് 15 ലക്ഷം വരെയാണ് ചോദിക്കുന്നത്. സർക്കാർ ഭൂമിയേറ്റെടുത്ത് പാട്ടത്തിന് നൽകും. കിൻഫ്ര 600 ഏക്കർ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ചേമ്പർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പലയിടത്തായി 650 ഏക്കർ സംരംഭകർക്കായി കണ്ടുവച്ചിട്ടുണ്ട്.
അതേസമയം, വിഴിഞ്ഞത്തിന്റെ സാദ്ധ്യത കണ്ട് തമിഴ്നാട് വ്യവസായ പാർക്കുകൾക്കായി വൻതോതിൽ ഭൂമിയേറ്റെടുക്കുകയാണ്. തുറമുഖത്തിന് 150 കി.മി അകലെ നങ്കുനേരിയിൽ 2260 ഏക്കറും മുലകരൈപ്പട്ടിയിൽ 1060 ഏക്കറും ഏറ്റെടുത്ത് വെയർഹൗസ് നിർമ്മാണം തുടങ്ങി.
കയറ്റുമതി, ഇറക്കുമതി
ബിസിനസ്
1. വല്ലാർപാടത്തെയും ചെറുകിട തുറമുഖങ്ങളെയും വിഴിഞ്ഞവുമായി ബന്ധിപ്പിച്ച് ലോജിസ്റ്റിക്സ് സൗകര്യമൊരുക്കും. കയറ്റുമതി, ഇറക്കുമതി ബിസിനസ് ഇങ്ങനെ ശക്തിപ്പെടും
2. ഗ്രീൻഅമോണിയ-ഗ്രീൻഹൈഡ്രജൻ ഉത്പാദനം,സമുദ്രോത്പന്ന കയറ്റുമതി, ഭക്ഷ്യഎണ്ണ സംസ്കരണം, തടിയുത്പന്നങ്ങൾ, കെമിക്കൽ-ഫാർമസ്യൂട്ടിക്കൽ-ഇലക്ട്രോണിക്സ് സംരംഭങ്ങൾ എന്നിവയ്ക്ക് സാദ്ധ്യത
3. കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ ടൗൺഷിപ്പുകൾ. വ്യവസായ-വ്യാപാര-ടൂറിസം കേന്ദ്രങ്ങൾ.
അരി, കൽക്കരി, യന്ത്രഭാഗങ്ങൾ അടക്കം ഇറക്കാൻ മൾട്ടിപർപ്പസ് ബർത്തുകൾ. ഇന്ധനം/എൽ.എൻ.ജി ഇറക്കാൻ ടാങ്ക്ഫാമുകൾ
പ്രതീക്ഷിക്കുന്ന നിക്ഷേപം
3ലക്ഷം കോടി
നേരിട്ടുള്ള തൊഴിലവസരം
10,000
വ്യവസായമേഖല
1456 ച. കിലോമീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |