കൊച്ചി: സംസ്ഥാനത്ത് ആകെയുള്ള 33 തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ പലതും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. 10 എണ്ണം പ്രതിസന്ധിയിലാണെന്ന് സർക്കാർ തന്നെ ഔദ്യോഗികമായി വ്യക്തമാക്കുന്നു. കണക്കിൽ ഉൾപ്പെടുത്താത്ത പല ബോർഡുകളിലും പെൻഷനും മറ്റ് ആനുകൂല്യങ്ങളും കുടിശികയാണ്.
ആഭരണത്തൊഴിലാളി, കൈത്തറി തൊഴിലാളി, ചെറുകിട തോട്ടം തൊഴിലാളി, കശുഅണ്ടി തൊഴിലാളി, ഈറ്റ-കാട്ടുവള്ളി-തഴ തൊഴിലാളി, അസംഘടിത തൊഴിലാളി, ബീഡി- ചുരുട്ട് തൊഴിലാളി, ചുമട്ട് തൊഴിലാളി (സ്‌കാറ്റേർഡ്), തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡുകളാണ് വൻ സാമ്പത്തിക പ്രതിസന്ധിയിലുള്ളത്. ഇവിടങ്ങളിലെയെല്ലാം ക്ഷേമ പെൻഷനുകൾ സോഷ്യൽ സെക്യൂരിറ്റി ലിമിറ്റഡ് മുഖേന സർക്കാർ ഏറ്റെടുത്ത് വിതരണം ചെയ്യുകയാണ്.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാപെൻഷൻ നാലു മാസമായി കുടിശികയാണ്. കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിലെ 2022 ഒക്ടോബർ, നവംബർ, ഡിസംബർ 2023 ജനുവരി, 2025 മാർച്ച് മുതൽ 2025 ആഗസ്റ്റ് വരെയുള്ള അവശതാപെൻഷനും കുടിശികയാണ്. സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്, ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷമനിധി ബോർഡ് എന്നിവിടങ്ങളിൽ ഒരു മാസത്തെ പെൻഷൻ കുടിശികയുണ്ട്.
റേഷൻ വ്യാപാരികൾക്ക് 4 കോടി
85-ാമത് മാനേജിംഗ് കമ്മിറ്റിക്കു ശേഷം പാസാക്കിയ പെൻഷൻ അപേക്ഷകളിലേക്ക് ഫണ്ടിന്റെ അപര്യാപ്തത മൂലം തുക അനുവദിച്ചിട്ടില്ല. 1500 രൂപ പ്രതിമാസ പെൻഷൻ ഉൾപ്പെടെ നാലു കോടിയോളമാണ് ബോർഡിലെ കുടിശിക. അംഗങ്ങളുടെ പ്രതിവർഷ അംശദായം 2400 രൂപ അടയ്ക്കേണ്ടിയും വന്നു.
ക്ഷേമ പെൻഷനു പുറമേ മരണാനന്തര സഹായം, അംശദായം തിരികെ അനുവദിക്കൽ എന്നിവയെല്ലാം മുടങ്ങി. ഇതെല്ലാം പരിഹരിക്കാൻ വെള്ള റേഷൻ കാർഡുകാരിൽ നിന്ന് ഒരു രൂപ സെസ് ഈടാക്കാൻ തീരുമാനിച്ചിരുന്നു. ധനവകുപ്പ് അംഗീകരിക്കാത്തതിനാൽ നടപ്പായില്ല.
അങ്കണവാടി 15 കോടി
2024-25ൽ വിരമിച്ചവർക്ക് ക്ഷേമിനിധി ആനുകൂല്യങ്ങളും വിരമിക്കൽ ആനുകൂല്യങ്ങളും നൽകുന്നതിൽ 15 കോടിയിലേറെയാണ് കുടിശിക. ഇതിനായി 11 കോടി അനുവദിച്ചെന്ന് സർക്കാർ അറിയിച്ചെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2018 മാർച്ച് വരെയുള്ള അധിവർഷാനുകൂല്യ അപേക്ഷകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. കയർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻ രണ്ടു മാസവും മറ്റ് ആനുകൂല്യങ്ങൾ 2025 ജനുവരി മുതലും കുടിശികയാണ്. തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും ഇരട്ട അംഗത്വം ഒഴിവാക്കാനും അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്‌റ്റ്‌വെയർ സജ്ജമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |