തുറവൂർ (ആലപ്പുഴ): ബൈക്ക് യാത്രികനുമായുള്ള വാക്കേറ്റത്തെ തുടർന്ന് നിറയെ യാത്രക്കാരുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് നടുറോഡിൽ നിറുത്തിയിട്ട ശേഷം ഡ്രൈവറും കണ്ടക്ടറും ഇറങ്ങിപ്പോയി. ഇതേത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസം. ഒടുവിൽ പൊലീസ് എത്തി ഒരു സ്വകാര്യ ബസ് ഡ്രൈവറുടെ സഹായത്തോടെ റോഡരികിലേക്ക് ബസ് മാറ്റിയിട്ടു. എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ അരൂർ പഞ്ചായത്ത് ഓഫീസിന് സമീപം കഴിഞ്ഞ ദിവസം ഒമ്പതരയോടെയായിരുന്നു സംഭവം.
കൊല്ലം ഡിപ്പോയിലെ ഡ്രൈവർ ഡി. ബിജുവിനെതിരെ അരൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും വീഴ്ചയുണ്ടായെന്ന് കാട്ടി ആലപ്പുഴ എ.ടി.ഒ കെ.എസ്.ആർ.ടി.സി എം.ഡിക്ക് റിപ്പോർട്ട് നൽകി.
സംഭവം ഇങ്ങനെ: കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് അരൂർ അബാദ് കോൾഡ് സ്റ്റോറേജിനു മുന്നിലെത്തിയപ്പോൾ ബൈക്കിൽ തട്ടി. ബൈക്കോടിച്ചിരുന്ന ചന്തിരൂർ സ്വദേശി സനൂപ് (33) റോഡിലേക്ക് തെറിച്ചുവീണ് നിസാര പരിക്കേറ്റു. നിറുത്താതെ പോയ ബസിനെ സനൂപ് പിന്തുടർന്ന് അരൂർ പഞ്ചായത്ത് ഓഫീസിനു സമീപം തടഞ്ഞതോടെ വാക്കേറ്റമുണ്ടായി.
തുടർന്ന് സനൂപ് മർദ്ദിച്ചുവെന്ന് ആരോപിച്ച് ബസ് നടുറോഡിൽ നിറുത്തി ഡ്രൈവറും കണ്ടക്ടറും ഓട്ടോയിൽ കയറി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. അന്വേഷണത്തിൽ സനൂപ് മർദ്ദിച്ചുവെന്ന ഡ്രൈവറുടേയും കണ്ടക്ടറുടേയും പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി. സനൂപ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഡ്രൈവർക്കെതിരെ സനൂപ് പൊലീസിലും ഗതാഗത മന്ത്രിക്കും പരാതി നൽകി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |