
തിരുവനന്തപുരം: തിരക്ക് കൂടുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് യാത്രക്കാരുടെ കീശ ചോർത്തുന്ന പരിഷ്കാരത്തിന് കെ.എസ്.ആർ.ടി.സിയും. 2018 മുതൽ അന്തർ സംസ്ഥാന സർവീസുകളിൽ മാത്രം ഏർപ്പെടുത്തിയിരുന്ന ഫ്ലക്സി നിരക്ക് സംസ്ഥാനത്തിനകത്തെ ദീർഘദൂര സർവീസുകൾക്കും ബാധമാക്കി. രാവിലത്തെ നിരക്കായിരിക്കില്ല, വൈകിട്ട്. ഇതോടെ തിരക്കുള്ള സമയങ്ങളിൽ കൂടുതൽ തുക യാത്രക്കാർക്ക് നൽകേണ്ടി വരുന്നു.
ദീർഘദൂര സ്വകാര്യ ബസുകളുടെ മാതൃകയിലാണ് പരിഷ്കാരം. എന്നാൽ, സ്വകാര്യ ബസുകളുടെ നിരക്കിനെ പോലെ കെ.എസ്.ആർ.ടി.സിയിൽ അമിതമായ നിരക്ക് ഈടാക്കുന്നില്ല. എന്നാൽ, വരുംകാലത്ത് അതിലേക്ക് എത്തുമോ എന്നാണ് യാത്രക്കാരുടെ ആശങ്ക.
ഉത്സവ സീസണുകളിൽ അന്തർ സംസ്ഥാന സർവീസുകളിൽ ഫ്ളക്സി നിരക്ക് ഈടാക്കാനായിരുന്നു ആദ്യം സർക്കാർ കെ.എസ്.ആർ.ടി.സിക്ക് അനുമതി നൽകിയിരുന്നത്. 2018ൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരക്കിനനുസരിച്ച് 30% നിരക്ക് ഉയർത്താനും ചൊവ്വ മുതൽ വ്യാഴം വരെ 15% കുറയ്ക്കാനുമായിരുന്നു അനുമതി. മൂന്നുമാസം മുമ്പ് നിരക്ക് വർദ്ധന അറിയിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇപ്പോഴിത് പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.
കോഴിക്കോട്ടേക്കാൾ
കൂടുതൽ തൃശൂരിന്
കഴിഞ്ഞ ഞായറാഴ്ച രാത്രി തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് നോൺ എ.സി ബസിൽ യാത്രക്കാരനിൽ നിന്ന് ഈടാക്കിയത് 11 രൂപ സെസ് ഉൾപ്പെടെ 561 രൂപ. ഇതേ ബസിൽ തൃശൂർ വരെ ഈടാക്കിയത് അതിലും കൂടിയ നിരക്ക്. 571 രൂപ. ആലപ്പുഴ നിന്ന് കോഴിക്കോട്ടേക്ക് പോയവരിൽ നിന്ന് ഈടാക്കിയതും ഇതേ നിരക്ക്.
തിരക്കില്ലെങ്കിൽ
കുറയ്ക്കുമെന്ന്
തിരക്കില്ലാത്ത ദിവസങ്ങളിൽ നിരക്ക് കുറയുന്ന സംവിധാനം കൂടിയാണ് നടപ്പാക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ബംഗളൂരുവിൽ നിന്നുൾപ്പെടെ കുറഞ്ഞ നിരക്ക് ഈടാക്കിയ ദിവസങ്ങളുണ്ടെന്നും വ്യക്തമാക്കി. ബുക്കിംഗിനനുസരിച്ച് നിരക്ക് നിശ്ചയിക്കാനുള്ള സംവിധാനം കൺട്രോൾ റൂമിൽ ഒരുക്കിയിട്ടുണ്ട്. ഡിപ്പോകളിൽ നിന്നുള്ള തത്സമയം വിവരങ്ങളും ഇവിടേയ്ക്ക് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |