തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവിന്റെ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി പരിമിതമായ ദീർഘദൂര ബസ് സർവീസുകൾ യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ 'എന്റെ കെഎസ്ആർടിസി' മൊബൈൽ ആപ്പിലും, www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും. ഈ സർവീസുകളിലേക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി റിസർവ് ചെയ്യാം.
നാഷണൽ ഹൈവെ, എംസി റോഡ്, മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ദീർഘദൂര സർവീസുകൾ. ഓർഡിനറി , ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ തുടരും. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല. എന്നാൽ അവശ്യ സർവീസുകൾക്കായുള്ള ബസുകൾ ഉണ്ടായിരിക്കും. 13ന് ഉച്ചയ്ക്ക് ശേഷം ദീർഘദൂര ബസുകൾ പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്ര. ഇരുന്നു മാത്രമേ യാത്ര അനുവദിക്കൂ. ആവശ്യമുള്ള യാത്രാരേഖകൾ ഉൾപ്പെടെ കൈയിൽ കരുതണം. ലോക്ക്ഡൗൺ പിൻവലിക്കുന്ന ജൂൺ 17 മുതൽ ദീർഘദൂര സർവീസുകൾ പൂർണമായും പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |