കൊച്ചി: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പത്തര മണിക്കൂർ ചോദ്യം ചെയ്തു.
ഇടപാടുമായി ബന്ധമില്ലെന്ന് രവീന്ദ്രൻ മൊഴി നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ലൈഫ് മിഷൻ സി.ഇ.ഒയായിരുന്ന യു.വി. ജോസുമാണ് ചർച്ചകളും ഇടപാടുകളും നടത്തിയതെന്ന് വെളിപ്പെടുത്തി. ഒന്നും അറിയില്ലെന്ന ശിവശങ്കറിന്റെ മൊഴിക്ക് വിരുദ്ധമാണ് രവീന്ദ്രന്റെ മൊഴി.
രാവിലെ 9.30 നാരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടുവരെ നീണ്ടു. മറുപടികൾ വിശകലനം ചെയ്തശേഷം വീണ്ടും ചോദ്യം ചെയ്യും.
വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒയായിരുന്ന യു. വി. ജോസിന് അഡിഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്ത് കാണിച്ചായിരുന്നു ചോദ്യം ചെയ്യൽ. 2019 ജൂലായിൽ നൽകിയ കത്തിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കാനാണ് നിർദ്ദേശിച്ചത്. സർക്കാർ സ്ഥലത്ത് റെഡ് ക്രെസന്റ് നിർമാണം നടത്തുമെന്നും ധാരണാപത്രം നടപ്പാക്കണമെന്നും കത്തിൽ നിർദ്ദേശിച്ചിരുന്നു.
ഇതുമായി തനിക്ക് ബന്ധമില്ലെന്ന് അറിയിച്ച രവീന്ദ്രൻ, ശിവശങ്കറും വി.യു. ജോസുമാണ് നടപടികൾ സ്വീകരിച്ചതെന്ന് പറഞ്ഞു. കോഴ ഉൾപ്പെടെ കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്ന നിലപാടുമാണ് സ്വീകരിച്ചത്.
ലൈഫ് മിഷൻ കരാർ ഒപ്പിട്ട കാലത്ത് ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലും സ്വപ്നയും രവീന്ദ്രനും തമ്മിൽ നടത്തിയ ചാറ്റുകൾ തുടങ്ങിയവ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി.
രാവിലെ 9.20ന് രവീന്ദ്രൻ ഇ.ഡി. ഓഫീസിലെത്തി. ചിരിയോടെ കൈകൂപ്പിയാണ് അദ്ദേഹം ഓഫീസിലേക്ക് പോയതും തിരിച്ചിറങ്ങിയതും. മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.
സ്വർണക്കടത്തിലെ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട് 2022ഡിസംബറിൽ രവീന്ദ്രനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിക്ക് യു.എ.ഇ റെഡ് ക്രെസന്റ് നൽകിയ 19 കോടി രൂപയിൽ 4.5 കോടി കോഴയായി നൽകിയെന്ന കേസാണ് ഇ.ഡി അന്വേഷിക്കുന്നത്.
ലൈഫ് മിഷന് നോട്ടീസ്
വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണ കരാറും അനുബന്ധ രേഖകളും നൽകണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒയ്ക്ക് ഇ.ഡി നോട്ടീസ് നൽകി. കരാർ ഒപ്പിട്ട കാലത്തെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ്, ഇപ്പോഴത്തെ സി.ഇ.ഒ പി.ബി. നൂഹ് എന്നിവരിൽ നിന്ന് ഇ.ഡി വിവരങ്ങൾ ശേഖരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |