
തിരുവനന്തപുരം: ആർക്കിടെക്ട് മഹേഷിന്റെ ജീവിതം തൊഴിൽപരമായ ഉത്തരവാദിത്വങ്ങളോടുള്ള ആജീവനാന്ത സമർപ്പണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാസ്തുവിദ്യാരംഗത്ത് അമ്പത് വർഷം പൂർത്തിയാക്കിയ ആർക്കിടെക്ടും അക്കാഡമീഷ്യനുമായ എൻ. മഹേഷിനെ ആദരിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് (ഐ.ഐ.എ) ട്രിവാൻഡ്രം സെന്ററും കോളേജ് ഒഫ് ആർക്കിടെക്ചർ ട്രിവാൻഡ്രവും (സി.എ.ടി) സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ഉദ്ഘാടന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി. കോളേജ് ഒഫ് ആർക്കിടെക്ചർ ട്രിവാൻഡ്രം ഡയറക്ടർ പ്രൊഫ.ജെ. ജയകുമാറാണ് മുഖ്യമന്ത്രിയുടെ സന്ദേശം ചടങ്ങിൽ വായിച്ചത്.
രാജ്യത്തെ മാസ്റ്റേഴ്സ് ആർക്കിടെക്ടുകളിലൊരാളാണ് മഹേഷ്. തൊഴിൽ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിൽ അധിഷ്ഠിതമായ സർഗാത്മകതയുടെ സാക്ഷ്യപത്രമാണ് അദ്ദേഹം. മഹേഷിന്റെ പാരമ്പര്യം യുവ ആർക്കിടെക്ടുകൾക്ക് പ്രചോദനമാണ്. ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവമനസുകളെ അത് ഉണർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശിഷ്ടാതിഥിയായ ശശി തരൂർ എം.പി ഓൺലൈനായി സംസാരിച്ചു. ഹോട്ടൽ ഓ ബൈ താമരയിൽ നടന്ന ചടങ്ങിൽ ഐ.ഐ.എ ട്രിവാൻഡ്രം സെന്റർ ചെയർപേഴ്സൺ ജയകൃഷ്‌ണൻ ആർ.ജെ അദ്ധ്യക്ഷത വഹിച്ചു. മഹേഷ് ഫൗണ്ടേഷന്റെ പ്രഖ്യാപനം സി.എ.ടി ട്രസ്റ്റി ആൻഡ് വൈസ് ചെയർമാൻ നാരായണൻ മഹേഷ് നിർവഹിച്ചു. ആർക്കിടെക്ട് മഹേഷിന്റെ ഔദ്യോഗിക ജീവിതത്തെ അടയാളപ്പെടുത്തുന്ന മോണോലോഗിന്റെ പ്രകാശനം ഐ.ഐ.എ ട്രിവാൻഡ്രം സെന്റർ ചെയർപേഴ്സൺ വിനോദ് സിറിയക് കൗൺസിൽ ഓഫ് ആർക്കിടെക്ച്ചർ പ്രസിഡന്റ് അഭയ് പുരോഹിതിന് നൽകി നിർവഹിച്ചു.
ആർക്കിടെക്ട് മഹേഷിനെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയർ ഡിസൈനേഴ്സ് (ഐ.ഐ.ഐ.ഡി) കേരള ചാപ്റ്റർ ചെയർപേഴ്സൺ ചിത്ര നായർ പ്രകാശനം ചെയ്തു. ഇൻഫോസിസ് കോ ഫൗണ്ടർമാരായ എസ്.ഡി. ഷിബുലാൽ, ക്രിസ് ഗോപാലകൃഷ്ണൻ, ഐ.ഐ.എ ദേശീയ ട്രഷറർ ബി.സുധീർ, ആർക്കിടെക്ട് ജി.ശങ്കർ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എം.ഡി തോമസ് ജോൺ മുത്തൂറ്റ്, താജ് ഗ്രൂപ്പ് ഹോട്ടൽസ് വൈസ് പ്രസിഡന്റ് മുഹമ്മദ് റിസ്വാൻ അലി, ഇര്യ റിസോർട്ട്സ് എം.ഡി സുന്ദരി പതിബന്ദ്ല തുടങ്ങിയവർ സംസാരിച്ചു.
ക്രെഡായി, ബിൽഡേഴ്സ് അസോസിയേഷൻ,ചേംബർ ഓഫ് കോമേഴ്സ് തുടങ്ങിയ വിവിധ സംഘടനകളും പ്രമുഖവ്യക്തികളും മഹേഷിനെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |