തിരുവനന്തപുരം: സിനിമാമേഖലയിൽ പുരുഷന്മാരിൽ നിന്നുണ്ടാകുന്ന മോശം അനുഭവങ്ങളെ തന്റേടത്തോടെ പ്രതിരോധിച്ച് അവഗണിക്കണമെന്ന നടി മാല പാർവതിയുടെ അഭിപ്രായ പ്രകടനത്തോട് വിയോജിച്ച് പലരും രംഗത്ത് എത്തിയതോടെ വിഷയം ചൂടുപിടിച്ചു.
സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന നടി വിൻസിയുടെ പരാതി വിവാദമാവുകയും അതുമായി ബന്ധമുള്ള നടൻ ഷൈൻ ടോം ചാക്കോ ശനിയാഴ്ച ലഹരിക്കേസിൽ അറസ്റ്റിലാവുകയുംചെയ്ത പശ്ചാത്തലത്തിലാണ് മൂന്നു ദിവസം പഴക്കമുള്ള യു ട്യൂബ് അഭിമുഖ വീഡിയോ ചർച്ചയായത്.
ദുരനുഭവത്തെക്കുറിച്ച് വിൻസി പറഞ്ഞ പരാതിയെ പരോക്ഷമായി മാല പാർവതി പരാമർശിച്ചിരുന്നു. പലരും കളി തമാശ പോലും മനസിലാകാത്തവരാണ്. ഇതൊക്കെ വലിയ വിഷയമായി മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ,പോടാ എന്നു പറഞ്ഞാൽ കഴിയുന്ന കാര്യമല്ലേയുള്ളൂ.... ഇതായിരുന്നു മാല പാർവതിയുടെ പ്രതികരണം.
' സ്ത്രീകൾ ജോലി ചെയ്യുമ്പോൾ, സ്ത്രീകളുടെ പ്രത്യേകത വച്ച് ആൾക്കാർ അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാൻ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്."
വിൻസിയുടെ പരാതി പുറത്തു വന്നപ്പോൾ ,ഒരു കാര്യം തുറന്നു പറഞ്ഞതുകൊണ്ട് വിൻസി ഒറ്റപ്പെട്ടു പോകുമെന്ന് കരുതരുത്. ഇന്നത്തെ കാലത്ത് അതൊന്നും നടക്കില്ല എന്ന് ആദ്യം പ്രതികരിച്ചയാളാണ് മാല പാർവതി.
ഹേമ കമ്മിറ്റിയിൽ നൽകിയ മൊഴികളുമായി ബന്ധപ്പെട്ട കേസിൽ മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് അറിയിച്ച് സുപ്രീം കോടതിയെ മാല പാർവതി സമീപിച്ചതും വലിയ ചർച്ചയായിരുന്നു.
''മാല പാർവതീ, പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമായിട്ടും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! വളരെ ദുഃഖം തോന്നുന്നു. ""
-നടി രഞ്ജിനി
'' ഇതാണോ മാല പാർവതി ഇത്രയും നാൾ ചെയ്തുകൊണ്ടിരുന്ന സ്ത്രീകൾക്കുവേണ്ടിയുള്ള ശാക്തീകരണ പ്രവർത്തനം""
- ഭാഗ്യലക്ഷ്മി
ആരും സമൂഹത്തിന് തെറ്റായ സന്ദേശം നൽകരുത്. നേരിട്ട് ദുരനുഭവം ഉണ്ടായാൽ അത് തുറന്നുപറയാനുള്ള ആർജ്ജവവും തന്റേടവും സ്ത്രീകൾ കാണിക്കണം.
-മുൻ മന്ത്രി പി.കെ. ശ്രീമതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |