
കൊച്ചി: അടിമാലി കൂമ്പൻ പാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് ഇടത് കാൽ നഷ്ടപ്പെട്ട സന്ധ്യ ബിജുകുമാറിന് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി നടൻ മമ്മൂട്ടി. ചികിത്സയ്‌ക്കിടെയാണ് സന്ധ്യയുടെ ഇടത് കാൽമുട്ടിന് മുകളിൽ വച്ച് നീക്കം ചെയ്യേണ്ടി വന്നത്. സന്ധ്യയുടെ ഭർത്താവ് ബിജുകുമാറിന് മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടമായിരുന്നു. വീട് പൂർണമായും തകർന്നു. നിസഹായതയ്‌ക്കു മുന്നിൽ തകർന്നിരിക്കുന്ന അവസ്ഥയിലാണ് സന്ധ്യയെ തേടി മമ്മൂട്ടിയുടെ കരുതൽ എത്തിയത്. വീഡിയോ കോളിൽ വിളിച്ചാണ് അദ്ദേഹം സന്ധ്യയുടെ സുഖവിവരം അന്വേഷിച്ചത്. സന്ധ്യയുടെ ചികിത്സ നടക്കുന്ന രാജഗിരി ആശുപത്രിയിലെ വൈസ് പ്രസിഡന്റ് ജോസ് പോളിന്റെ ഫോണിലേക്കാണ് അദ്ദേഹം വീഡിയോ കോൾ ചെയ്‌തത്.
സന്ധ്യക്ക് കൃതൃമക്കാൽ നൽകാമെന്ന് ഉറപ്പ് നൽകിയ മമ്മൂട്ടി അടിമാലിയിൽ പുതിയ വീട് നിർമ്മിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്താമെന്നും വാക്ക് നൽകി. എല്ലാം നടക്കുമെന്നും പേടിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ സന്ധ്യയുടെ നിലവിലെ അവസ്ഥയ്‌ക്ക് ആശ്വാസമാകുകയായിരുന്നു. നേരത്തെ തന്നെ മമ്മൂട്ടി സന്ധ്യയുടെ ചികിത്സാ ചെലവുകൾ ഏറ്റെടുത്തിരുന്നു. കൃതൃമക്കാലിനു വേണ്ട സഹായങ്ങൾ നൽകണമെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരന് മമ്മൂട്ടി നിർദ്ദേശം നൽകി.
വീട് നഷ്‌ടപ്പെട്ട് തിരികെ മടങ്ങാൻ ഒരിടമില്ലാത്തതിനാൽ 38 ദിവസമായി സന്ധ്യ ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. നിലവിൽ വാടക വീട്ടിലേക്കാണ് സന്ധ്യയുടെ മടക്കം. മണ്ണിടിച്ചിലിൽ തകർന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് ഇടത് കാലിലേക്കുള്ള രക്തയോട്ടം പൂർണമായും തടസപ്പെട്ടിരുന്നു. അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മടങ്ങിയിരുന്നു. എട്ടുമണിക്കൂർ നീണ്ട ശസ്‌ത്രക്രിയയിലാണ് രക്തയോട്ടം പൂർവ്വസ്ഥിതിയിൽ ആക്കിയത്. എന്നാൽ, കാലിലെ മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞതിനാൽ അവിടെ അണുബാധയുണ്ടായിരുന്നു. ഇത് പിന്നീട് ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന അവസ്ഥയിലെത്തിയപ്പോഴാണ് സന്ധ്യയുടെ ഇടത് കാൽ മുട്ടിന് മുകളിൽ വച്ച് നീക്കം ചെയ്‌തത്.
മുറിവുണങ്ങിയ ശേഷം ഫിസിയോതെറാപ്പിയുടെ സഹായത്തോടെ സന്ധ്യ വീണ്ടും നടക്കാൻ തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്‌ചകൂടി ഫിസിയോതെറാപ്പി തുടരണമെന്നാണ് ഡോക്‌ടർമാരുടെ നിർദ്ദേശം. അതിന് ശേഷം കൃതൃമക്കാൽ വയ്ക്കാനാകുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. കാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷം സന്ധ്യയുടെ മകനും മരിച്ചിരുന്നു. നഴ്സിംഗ് വിദ്യാർത്ഥിയായ മകൾ മാത്രമാണ് സന്ധ്യയ്‌ക്ക് ആകെയുള്ള ആശ്രയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |