കോട്ടയം : സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ തിയേറ്ററിലെത്താൻ കാത്തുനിൽക്കാതെ മനു ജെയിംസ് (31) യാത്രയായി. എറണാകുളം രാജഗിരി ആശുപത്രിയിൽ മഞ്ഞപ്പിത്ത ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. അഹാന കൃഷ്ണ, ധ്രുവൻ, അജു വർഗീസ്, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'നാൻസി റാണി' എന്ന സിനിമയുടെ സംവിധായകനാണ് മനു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയായിരുന്നു. റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അപ്രതീക്ഷിത വിടവാങ്ങൽ. 2004 ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യൂരിയസ് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അമേരിക്കയിലായിരുന്ന മനു ഏഴോളം ഇംഗ്ലീഷ് സിനിമകളിലും, മലയാളം, കന്നട, ഹിന്ദി സിനിമകളിലും സഹസംവിധായകനായി പ്രവർത്തിച്ചു. കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിൽ ജെയിംസിന്റെയും മകനാണ്. ഭാര്യ : നൈനു (കണ്ടനാട് പിട്ടാപ്പിള്ളിൽ കുടുംബാംഗം). സഹോദരങ്ങൾ : മിന്ന (യു.എസ്.എ), ഫിലിപ്പ് (യു.എസ്.എ). സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |