തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനും കോൺഗ്രസിനും എതിരെ ഫേസ്ബുക്ക് പോസ്റ്രുമായി ബി.ജെ.പി നേതാവ് പദ്മജ വേണുഗോപാൽ. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ യോഗ്യത ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് കോൺഗ്രസ് നേതാക്കന്മാർക്കെതിരെ പ്രയോഗിക്കാനുള്ള രഹസ്യങ്ങൾ അയാൾക്ക് അറിയുന്നത് കൊണ്ടാണെന്ന് പദ്മജ ഫേസ്ബുക്ക് പോസ്റ്രിൽ കുറിച്ചു.
അശ്ലീല സന്ദേശമയക്കൽ, ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കൽ, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങി രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണങ്ങളുമായി യുവതികൾ രംഗത്ത് വന്നതിന് പിന്നാലെയാണ് പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
രാഹുൽ മാങ്കൂട്ടത്തിനെതിരെ എടുക്കുന്ന നടപടി കൊണ്ട് കോൺഗ്രെസ് നേതാക്കളെല്ലാം വിശുദ്ധരാക്കപ്പെടണമെന്നില്ലെന്നും കാരണം രാഹുൽ തന്നെ അയാളുടെ സ്വകാര്യ ഇടങ്ങളിൽ ഈ നേതാക്കൾക്കെതിരെ പൊട്ടിയ്ക്കാനുള്ള വെടിമരുന്ന് തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും പദ്മജ പറഞ്ഞു. പെൺകുട്ടികൾ ഉള്ള വീട്ടിൽ പോയിട്ട് മതിൽക്കെട്ടിനകത്ത് പോലും രാഹുലിനെ കയറ്റാൻ കൊള്ളില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് പാലക്കാട്ട് ഉള്ള ജനങ്ങൾ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് മാത്രം ഓർമ്മിപ്പിക്കുന്നെന്നും പദ്മജ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച യുവതി ഉൾപ്പെടെയുള്ളവർ രാഹുലിന്റെ പേര് പരാമർശിച്ചിരുന്നില്ല. എന്നാൽ എഐസിസിക്ക് ഉൾപ്പെടെ വ്യാപകമായി പരാതി ലഭിച്ചതോടെയാണ് രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. ഈ വിഷയത്തിൽ മന്ത്രി ശിവൻകുട്ടി നടത്തിയ പ്രതികരണം രാഹുലിനെതിരെ സർക്കാർ കർശന നടപടിക്ക് ഒരുങ്ങുന്നുവെന്നതിന്റെ സൂചനയാണ്. രാഹുലിനെതിരെ നിലവിൽ പൊലീസിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ആരോപണം ഉന്നയിച്ച യുവതികൾക്ക് പൊതുസമൂഹത്തിന് മുന്നിൽ പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകാമെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പദ്മജയുടെ ഫേസ്ബുക്ക് പോസ്റ്റ്
രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിയ്ക്ക് എതിരെ എടുക്കുന്ന നടപടി കൊണ്ട് കോൺഗ്രസ് നേതാക്കളെല്ലാം വിശുദ്ധരാക്കപ്പെടണം എന്നില്ല. കാരണം രാഹുൽ തന്നെ അയാളുടെ സ്വകാര്യ ഇടങ്ങളിൽ ഈ നേതാക്കൾക്കെതിരെ പൊട്ടിയ്ക്കാനുള്ള വെടിമരുന്ന് തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ കാര്യങ്ങൾ അങ്ങനെ ഒക്കെ ആയത് കൊണ്ടാണ് ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ യോഗ്യത ഇല്ലാത്തവൻ നിയമസഭയിൽ എത്തിയത്. ഇയാൾ ഇനി എം എൽ എ സ്ഥാനത്ത് തുടരാൻ പാടില്ല , കാരണം ഒരു ജനപ്രതിനിധി തന്റെ മണ്ഡലത്തിലെ എല്ലാ വീട്ടിലും എത്തേണ്ട വ്യക്തി ആണ്. പെൺകുട്ടികൾ ഉള്ള വീട്ടിൽ പോയിട്ട് മതിൽക്കെട്ടിനകത്ത് പോലും ഇയാളെ കയറ്റാൻ കൊള്ളില്ല എന്ന് നമുക്ക് വ്യക്തമായല്ലോ. അപ്പോൾ പാലക്കാട്ട് ഉള്ള ജനങ്ങൾ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |