
തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് മേയറെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി എന്ന വാർത്തയോട് പ്രതികരിച്ച് മേയർ വി വി രാജേഷ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയതല്ലെന്നും റെയിൽവേയുമായി ബന്ധപ്പെട്ട പരിപാടിയിലും പാർട്ടി പരിപാടിയിലും പ്രധാനമന്ത്രിയുമായി വേദി പങ്കിടേണ്ടതിനാൽ സ്വീകരണത്തിന് എത്താത്തതാണെന്നാണ് മേയർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.
'തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടിയിലും മേയറും പങ്കെടുക്കേണ്ടതാണ്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയാൽ കൃത്യസമയത്ത് വേദിയിലെത്താൻ കഴിയില്ല. തിരുവനന്തപുരത്തിനും രാഷ്ട്രീയമായി ബിജെപിക്കും ഗുണംചെയ്യുന്നത് മേയർ രണ്ടുപരിപാടിയിലും പങ്കെടുക്കുന്നതാണെന്ന് ഞങ്ങൾക്ക് തോന്നി. തിരുവനന്തപുരത്ത് ബിജെപി അധികാരത്തിലെത്തിയശേഷം പ്രധാനമന്ത്രി ആദ്യമായി എത്തുന്ന പരിപാടിയിൽ മേയർ ഇല്ലാതിരുന്നാൽ അതുണ്ടാക്കുന്ന സാഹചര്യം മറ്റൊന്നാണ്. അത് ഒഴിവാക്കാൻ ഇതാണ് മാർഗം എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു'- മേയർ പറഞ്ഞു.
ഇന്നുരാവിലെ തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് മേയർ വിവി രാജേഷിനെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സാധാരണ തിരുവനന്തപുരത്ത് പ്രധാനമന്ത്രി വരുമ്പോൾ വിമാനത്താവളത്തിൽ മേയർ സ്വീകരിക്കാനെത്തുന്ന പതിവുണ്ട്. മോദിയെ സ്വീകരിക്കാനെത്തുന്നവരുടെ പട്ടിക നേരത്തേതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. ഇതിൽ മേയറുടെ പേരും ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരം എംപി ശശി തരൂരിനേയും സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ചരിത്രത്തിലാദ്യമായാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം പിടിക്കുന്നത്. ഇനി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമ്പോൾ ബിജെപി മേയർ സ്വീകരിക്കുമെന്ന് പ്രവർത്തകർ വലിയ പ്രചാരം നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |