
തൊടുപുഴ: ഓമനകളായിരുന്ന 13 പശുക്കൾ കൂട്ടത്തോടെ ചത്തതിന്റെ സങ്കടം മാറാത്ത കുട്ടി ക്ഷീരകർഷകൻ തൊടുപുഴ വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ മാത്യുവിനെയും കുടുംബത്തെയും നെഞ്ചോട് ചേർത്ത് കേരളം. നാടെങ്ങും നിന്ന് സഹായപ്രവാഹമാണ്.
മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും വീട്ടിലെത്തി ആശ്വസിപ്പിച്ചു. ഇൻഷുറൻസുള്ള അഞ്ച് കറവ പശുക്കളെ ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റെ് ബോർഡ് നൽകുമെന്ന് മന്ത്രിമാർ അറിയിച്ചു. ത്രിതല പഞ്ചായത്തുകളുടെ സഹായവും നൽകും. നടൻ ജയറാം അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മമ്മൂട്ടി ഒരു ലക്ഷവും പൃഥിരാജ് രണ്ട് ലക്ഷവും നൽകും. ലുലു ഗ്രൂപ്പ് അഞ്ച് ലക്ഷം രൂപ കൈമാറി. മിൽമ 45,000 രൂപ നൽകും. ഒരു മാസത്തേയ്ക്കുള്ള കാലിത്തീറ്റ കേരള ഫീഡ്‌സ് നൽകും. മൃഗസംരക്ഷണ വകുപ്പ് ശാസ്തീയ പശുവളർത്തലിൽ പരിശീലനവും നൽകും.
പി.ജെ. ജോസഫ് എം.എൽ.എ കറവ പശുവിനെ നൽകി. ഡീൻ കുര്യാക്കോസ് എം.പി ചെയർമാനായ ഇടുക്കി കെയർ ഫൗണ്ടേഷൻ 20,000 രൂപയുടെ ചെക്ക് കൈമാറി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രണ്ട് പശുക്കളെ നൽകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിളിച്ച് സഹായ വാഗ്ദാനം നൽകി.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിബിൻ ബേബി അഞ്ച് പശുക്കളെ നൽകും. കത്തോലിക്കാ കോൺഗ്രസും കേരള ഹോം ഡിസൈൻ ഫെയ്‌സ് ബുക്ക് കൂട്ടായ്മയും ഓരോ പശുവിനെ നൽകും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വീട്ടിലെത്തി പിന്തുണ അറിയിച്ചു.
കുട്ടി ക്ഷീരകർഷകനുള്ള സർക്കാർ പുരസ്കാരം നേടിയ 15കാരന്റെ ഫാമിലെ 22 പശുക്കളിൽ 13 എണ്ണവും മരച്ചീനി തൊലി തിന്നതിനെ തുടർന്നാണ് ചത്തത്. ഗുരുതരാവസ്ഥയിലായിരുന്ന പശുക്കൾ അപകടനില തരണം ചെയ്തു.
ഓരോ പശുവിനെയും പേര് ചൊല്ലിയാണ് മാത്യു വിളിച്ചിരുന്നത്. കൊച്ചുറാണി, ഐശ്വര്യറാണി, മഹാറാണി, ഇരട്ടകളായ പൊന്നുവും മിന്നുവും, മറിയാമ്മ, മാർത്ത, കണ്ണാപ്പി.... 2020ൽ പിതാവ് ബെന്നിയുടെ മരണത്തെ തുടർന്ന് പശുക്കളുടെ പരിപാലനം ഏറ്റെടുത്ത മാത്യുവിന്റെ ജീവിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
മാത്യുവിന്റെ വിഷമം ഞാനും അനുഭവിച്ചു: ജയറാം
മാത്യുവിന്റെ വിഷമത്തിലൂടെ താനും കടന്നുപോയിട്ടുണ്ടെന്ന് ജയറാം പറഞ്ഞു. ആറുവർഷം മുമ്പ് തന്റെ ഫാമിലെ 22 പശുക്കളാണ് ചത്തത്. അവറ്റകളെ കുഴിച്ചുമൂടിയപ്പോഴാണ് കൂടുതൽ കരഞ്ഞത്. പുതിയ സിനിമ എബ്രഹാം ഓസ്ലറിന്റെ ഓഡിയോ, ട്രെയ്‌ലർ ലോഞ്ചിനുള്ള തുകയാണ് മാത്യുവിന് നൽകിയത്. 10 പശുക്കളെയെങ്കിലും വാങ്ങാമല്ലോ.
ദുഃഖത്തിൽ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്‌ത എല്ലാവർക്കും നന്ദിയുണ്ട്.
---മാത്യു ബെന്നി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |