
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. സംഭവം നടന്നെന്ന് അറിഞ്ഞതുമുതൽ തനിക്ക് ദിലീപിനെ സംശയമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില മിമിക്രിക്കാർ എനിക്ക് സൂചന നൽകിയിരുന്നു. ദുബായിൽ നടന്ന ഷോയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ അവർ താമസിച്ച ഹോട്ടലിൽ ചില സംഭവങ്ങൾ അരങ്ങേറിയിരുന്നു. ആ ഷോയിൽ മഞ്ജു വാര്യർ ഉണ്ടായിരുന്നില്ല. എന്നാൽ ആരോ ഫോൺ ചെയ്ത് മഞ്ജു വാര്യരെ രഹസ്യമായി അവിടെ വിളിച്ചുവരുത്തിയെന്ന് അദ്ദേഹം എന്നോട് പറയുകയുണ്ടായി. പിന്നീട് അവിടെ അരങ്ങേറിയ സംഭവങ്ങൾ പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. അത് പറയരുതെന്ന് എന്നോട് ഇക്കാര്യം പറഞ്ഞയാൾ വിലക്കിയിട്ടുണ്ട്. ഇതിന്റെ പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ ആദ്യമായി വെളിപ്പെടുത്തിയപ്പോൾ എന്റെ സംശയം ബലപ്പെട്ടു. പിന്നീട് ബൈജു പൗലോസിനെപ്പോലെ ക്ലീൻ ഇമേജുള്ള പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു, ഇത് ദിലീപെന്ന നടൻ കൊടുത്ത ക്വട്ടേഷനാണെന്ന്.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സമാന മനസുള്ളവർക്കുള്ള മുന്നറിയിപ്പാണെന്നും കോടതി പറയുന്നു. ഹൈക്കോടതിയെ സമീപിച്ചപ്പോഴും ജാമ്യം നിഷേധിച്ചു. അങ്ങനെയാണല്ലോ 85 ദിവസം റിമാൻഡിൽ കഴിയേണ്ടിവന്നത്.
നിരവധി ഐപിഎസ് ഉദ്യോഗസ്ഥരും കീഴ്‌ക്കോടതിയും ഹൈക്കോടതിയുമൊക്കെ ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. ഒരു സാധാരണ പൗരനെന്ന നിലയിലും ദിലീപിന്റെ മുൻ ചെയ്തികൾ അറിയാവുന്ന വ്യക്തിയെന്ന നിലയിലും സിസ്റ്റം പറയുന്നത് വിശ്വസിക്കണോ, അതോ ചാനലിൽ വന്നിരുന്ന് പ്രസംഗിക്കുന്ന പിആർ വർക്കേഴ്സ് പറയുന്നത് വിശ്വസിക്കണോ
ഞാനറിയുന്ന ദിലീപ് അങ്ങനെയൊന്നും ചെയ്യില്ലെന്ന് പലരും പറയുന്നത് കേട്ടു. പക്ഷേ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ ബന്ധം മറന്ന് സംസാരിക്കേണ്ടിവരും. എനിക്ക് ദിലീപിനോട് വ്യക്തിപരമായി യാതൊരു ശത്രുതയും വിരോധവും ഇന്നുവരെ ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല നല്ലൊരു കലാകാരൻ എന്ന നിലയിൽ ഇഷ്ടവുമായിരുന്നു.
ഈ പെൺകുട്ടിയ്ക്ക് ഇങ്ങനെയൊക്കെ സംഭവിച്ചുവെന്നത് പച്ചയായ യാഥാർത്ഥ്യമാണ്. ഗൂഢാലോചന കുറ്റം തെളിയിക്കാനാകാത്തത് പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും പരാജയമാണ്. ഇവിടെ പ്രോസിക്യൂഷനും പൊലീസും നിരത്തിയ വാദങ്ങൾ കെട്ടിച്ചമച്ചതാണെന്ന ദിലീപിന്റെ വാദം ശരിവയ്ക്കുന്നതാണ് ഇപ്പോൾ വന്ന കോടതി വിധി.
നമ്മുടെ നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്നതുകൊണ്ട് ഇപ്പോൾ വന്ന വിധി അംഗീകരിക്കുന്നു, മാനിക്കുന്നു. കോടതി വിധി ഇപ്രകാരമായപ്പോൾ, ജയിൽ വാസം, അപമാനം, അദ്ദേഹത്തിന്റെ കരിയർ വരെ നശിപ്പിച്ചതിന് ആര് ഉത്തരവാദിത്തം പറയും?
കുറ്റവാളികൾ ഇവിടത്തെ ഭരണകൂടമാണ്. നിങ്ങൾ തെറ്റിദ്ധരിപ്പിച്ചത് വലിയൊരു സമൂഹത്തെയാണ്. മുകളിലോട്ട് കോടതിയുണ്ടല്ലോ, അപ്പീൽ പോകുമെന്ന് പറഞ്ഞ് ഇപ്പോൾ ഹാജരാക്കിയ തെളിവുകളുമായി പോകാനാണ് തീരുമാനമെങ്കിൽ സ്ഥിതിഗതികൾ ഇതിലും ദയനീയമായിരിക്കും. പലപ്പോഴും ചാനൽ ചർച്ചകളിൽ ദിലീപിനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ഒരു ചർച്ചയിൽ പങ്കെടുത്തപ്പോൾ അവതാരകൻ ചോദിച്ചു, ദിലീപിനെ വെറുതെ വിട്ടാൽ നിങ്ങൾ എന്ത് ചെയ്യുമെന്ന്. അങ്ങനെ വന്നാൽ അദ്ദേഹത്തോട് നിരുപാധികം മാപ്പ് ചോദിക്കുമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം നിരപരാധിയാണെന്ന കോടതി വിധി വിശ്വസിച്ചുകൊണ്ട്, എന്റെ ഭാഗത്തുനിന്നുണ്ടായ വേദനിപ്പിക്കുന്ന വാക്കുകൾക്ക് ഞാൻ ദിലീപിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു. എന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്.'- അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |