തിരുവനന്തപുരം: ഖനനം ചെയ്യുന്ന ധാതുക്കൾക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകാനുള്ള സുപ്രീംകോടതി വിധി കേരളത്തിനു ഗുണകരമാവും. ഖനന ഉത്പന്നങ്ങൾക്ക് നിലവിൽ റോയൽറ്റിയാണ് സംസ്ഥാനം ഈടാക്കുന്നത്. 2023-24 സാമ്പത്തിക വർഷം 517 കോടിയാണ് ഖനന റോയൽറ്റി ഇനത്തിൽ സർക്കാരിന് ലഭിച്ചത്. റോയൽറ്റിക്ക് പകരമായി നികുതി ഏർപ്പെടുത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി വിധി സഹായകമാവും. സംസ്ഥാനത്തിന്റെ വരുമാനത്തിൽ വർദ്ധനയുണ്ടാവും
സംസ്ഥാനത്ത് രണ്ട് വിധത്തിലുള്ള ഖനനമാണ് നടക്കുന്നത്. തീരമേഖല കേന്ദ്രീകരിച്ചുള്ള മേജർ മൈനിംഗും ക്വാറികളും മണൽ ഖനനവും ഉൾപ്പെടുന്ന മൈനർ മൈനിംഗും. ഏറെ ധാതുസമ്പുഷ്ടമാണ് കേരളത്തിന്റെ തീരപ്രദേശം. ഇൽമനൈറ്റ്, സിൽക്കോൺ, മോണോസൈറ്റ്, ബോക്സൈറ്റ് എന്നിവയുൾപ്പെടുന്ന കരിമണൽ ഉത്പന്നങ്ങളാണ് തീരമേഖലയിലെ ഖനനത്തിൽ കിട്ടുന്നത്. ഇത്തരം ധാതുക്കൾ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാനത്തുണ്ട്. ഇതിന് പുറമെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും.
പാറക്കല്ലും മണൽ, ചെങ്കല്ല്, ഇഷ്ടിക നിർമ്മാണത്തിനുള്ള ചെളി തുടങ്ങിയവയാണ് മൈനർ വിഭാഗത്തിൽപ്പെടുന്നത്. ക്വാറികളാണ് ഇതിൽ മുഖ്യം. പുറമെ, സിമന്റ് നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുന്ന ലൈം സ്റ്റോണും. ഓരോ വിഭാഗത്തിനും മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിൽ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം നിശ്ചയിച്ചിട്ടുള്ള വ്യത്യസ്ത താരീഫിന്റെ കണക്കിലാണ് റോയൽറ്റി ഈടാക്കുന്നത്. വിറ്റുവരവിന് ആനുപാതികമായി ഉത്പാദകർ ജി.എസ്.ടി അടയ്ക്കുന്നുമുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ 520.88 ലക്ഷം ടൺ ധാതുക്കളാണ് സംസ്ഥാനത്ത് ഉത്പാദിപ്പിച്ചത്. ഓരോ വർഷവും ഖനനത്തിൽ നിന്നുള്ള വരുമാനത്തിൽ വർദ്ധനയുണ്ട്.
വരുമാനം
(തുക സാമ്പത്തിക വർഷാടിസ്ഥാനത്തിൽ)
192.2 കോടി:
2020-21
207.6 കോടി:
2021-22
325.70 കോടി:
2022-23
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |