
തിരുവനന്തപുരം:വ്യാവസായിക മേഖലയിലെ ഭാവിനിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇടമായി കേരളം ഉയർന്നുവന്നിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.സ്വിറ്റ്സർലൻഡിലെ ദാവോസിൽ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിൽ (ഡബ്ല്യു.ഇ.എഫ്) പ്രമുഖ വ്യവസായികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.വിവിധ മേഖലകളിലുള്ള സംസ്ഥാനത്തിന്റെ വലിയ നിക്ഷേപ അവസരങ്ങളെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.
നയസ്ഥിരത,ഡിജിറ്റൽ ഭരണം,ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ,ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം,ആധുനിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയാണ് കേരളത്തെ മികച്ചയിടമാക്കുന്നത്.ഇത്തരം സാദ്ധ്യതകളെ സംയോജിപ്പിച്ച് പരമ്പരാഗത കയറ്റുമതി മേഖലയെ ആഗോളശൃംഖലയുടെ ഭാഗമാക്കാൻ കേരളത്തിന് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പോളിഷ് കോൺഫെഡറേഷൻ ലെവിയാറ്റന്റെ ഡയറക്ടർ ജനറൽ മാൽഗോർസാറ്റ മ്രോസ്‌കോവ്സ്‌കഹോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.പോളണ്ടിനും കേരളത്തിനും ഇടയിൽ സാമ്പത്തിക സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള ഒട്ടേറെ സാധ്യതകളുണ്ടെന്ന് രാജീവ് ചൂണ്ടിക്കാട്ടി.മെഡിക്കൽ ഉപകരണ നിർമ്മാണം,ഐ.ടി/ഐ.ടി ഇതര ഡിജിറ്റൽ സേവനങ്ങൾ,ബയോടെക്‌നോളജി,നൂതന വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനായി പോളിഷ് ബിസിനസ് പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിക്കാൻ കേരളത്തിന് താല്പര്യമുണ്ടെന്ന് മന്ത്രി അറിയിച്ചു.
'പ്യുർ' സ്ഥാപകയും വ്യവസായിയുമായ ഡോ. ഷൈല തല്ലൂരി,സിൻഹാസ് ജി.എം.ബി.എച്ച് സ്ഥാപകനും സി.ഇ.ഒയുമായ രാജീവ് സിൻഹ തുടങ്ങിയവരുമായും ചർച്ച നടത്തി.അഞ്ചുപേരടങ്ങുന്ന ഉന്നത പ്രതിനിധി സംഘത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്,വ്യവസായ വാണിജ്യ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) മാനേജിംഗ് ഡയറക്ടർ പി. വിഷ്ണുരാജ്,വിവിധ വകുപ്പുകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണുൾപ്പെട്ടിട്ടുള്ളത്.
PHOTO: സ്വിറ്റ്സർലൻഡിലെ ദാവോസിൽ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിൽ (ഡബ്ല്യുഇഎഫ്) പോളിഷ് കോൺഫെഡറേഷൻ ലെവിയാറ്റന്റെ ഡയറക്ടർ ജനറൽ മാൽഗോർസാറ്റ മ്രോസ്‌കോവ്സ്‌കഹോണുമായി വ്യവസായ മന്ത്രി പി. രാജീവ് സംവദിക്കുന്നു. വ്യവസായ വാണിജ്യ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |