
കൊച്ചി:നഗരത്തിലെ ജൈവമാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് കൊച്ചി കോർപ്പറേഷന്റെയും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെ ബി.പി.സി.എൽ ബ്രഹ്മപുരത്ത് നിർമ്മിച്ച കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് (സി.ബി.ജി) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.പ്രതിദിനം 150ടൺ ജൈവമാലിന്യം സംസ്കരിച്ച് 5.6ടൺ സി.ബി.ജിയും 28ടൺ ജൈവവളവും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ബ്രഹ്മപുരത്ത് പ്രവർത്തനം ആരംഭിച്ചത്.
പാലക്കാട്,കോഴിക്കോട്,തൃശൂർ,ചങ്ങനാശേരി,കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇത്തരം പ്ലാന്റിന്റെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്.ഇവയെല്ലാം പ്രവർത്തനക്ഷമമാകുന്നതോടെ ഈ മേഖലയിൽ വലിയ മുന്നേറ്റമാകും. ജൈവമാലിന്യ സംസ്കരണത്തിലും കേരളത്തിന് വലിയ പുരോഗതി നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പൈപ്പ് ലൈനിലൂടെ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ അമ്പലമുഗളിലുള്ള റിഫൈനറിയിൽ എത്തിച്ച് സംസ്കരിച്ച് പ്രകൃതിവാതകത്തോടൊപ്പം ഇന്ധനമായി ഉപയോഗിക്കാനും ജൈവവളം എഫ്.എ.സി.ടിയിലൂടെ കുറഞ്ഞവിലയ്ക്ക് കർഷകർക്ക് നൽകാനുമാണ് പദ്ധതി.രാജ്യത്ത് ഇത്തരത്തിലുള്ള 195 പദ്ധതികൾ തുടക്കം കുറിച്ചതിൽ കേരളത്തിലെ ആദ്യപദ്ധതിയാണ് ബ്രഹ്മപുരത്ത് ഉദ്ഘാടനം ചെയ്തത്. മറ്റ് സംസ്ഥാനങ്ങളിലായി 134 എണ്ണം കമ്മീഷൻ ചെയ്തിട്ടുണ്ട്. ജൈവമാലിന്യത്തിൽ നിന്നുള്ള കംബ്രസ‌്ഡ് ബയോഗ്യാസിന്റെ ഉത്പാദനം വർദ്ധിപ്പിച്ച് പ്രകൃതിവാതകത്തിന്റെ ഇറക്കുമതി കുറയ്ക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷനായി.
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി മുഖ്യപ്രഭാഷണം നടത്തി. മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. മേയർ വി.കെ. മിനിമോൾ, പി.വി. ശ്രീനിജിൻ എം.എൽ.എ, ബി.പി.സി.എൽ ഡയറക്ടർ സഞ്ജയ് ഖന്ന, ഡെപ്യൂട്ടി മേയർ ദീപക് ജോയി, തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി ടി.വി. അനുപമ, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ് എന്നിവർ പ്രസംഗിച്ചു. ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം.ജോസ് സ്വാഗതവും ചീഫ് ജനറൽ മാനേജർ ജോർജ് തോമസ് നന്ദിയും പറഞ്ഞു.സാനിട്ടറി മാലിന്യസംസ്കരണത്തിന് സംസ്ഥാനത്ത് ആദ്യമായി ബ്രഹ്മപുരത്ത് ആരംഭിക്കുന്ന റീജിയണൽ സാനിട്ടറി വേസ്റ്ര് ഇൻസിനറേഷൻ ഫെസിലിറ്റിയുടെ ശിലാസ്ഥാപനവും മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |