
തിരുവനന്തപുരം: ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ട്രെയിനിൽ നിന്ന് വീണ യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം. യുവതിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. എന്നാൽ, ആരോഗ്യനില പൂർണമായും ഭേദമായിട്ടില്ല. തിരുവനന്തപുരം പേയാട് സ്വദേശിയായ ശ്രീക്കുട്ടി(19)യെ പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാറിന് യാതൊരു മുൻപരിചയവും ഇല്ലായിരുന്നു എന്നാണ് പൊലീസും റെയിൽവെ വൃത്തങ്ങളും നൽകുന്ന വിവരം.
കോട്ടയത്ത് നിന്നാണ് സുരേഷ് കുമാർ കേരളാ എക്‌സ്‌പ്രസിൽ കയറിയത്. പരിക്കേറ്റ ശ്രീക്കുട്ടിയും സുഹൃത്തായ യുവതിയും കയറിയത് ആലുവയിൽ നിന്നാണ്. പെയിന്റ് തൊഴിലാളിയാണ് പ്രതി. ഇയാൾ ട്രെയിനിൽ വച്ച് മദ്യപിച്ചിട്ടില്ല എന്നാണ് വിവരം. എന്നാൽ മദ്യപിച്ച് ബോധമില്ലാതെ തന്നെയാണ് ട്രെയിനിൽ കയറിയത്. ആ സമയം മുതൽ ഇയാൾ അപമര്യാദയായി പെരുമാറിയിരുന്നെന്ന് ട്രെയിനിലെ യാത്രക്കാരിയായിരുന്ന അർച്ചന വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാത്രി 8.30ന് വർക്കല സ്റ്റോപ്പിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ ജനറൽ കമ്പാർട്ടുമെന്റിലുണ്ടായിരുന്ന ശ്രീക്കുട്ടിയും സുഹൃത്തായ യുവതിയും ടോയ്‌ലറ്റിലേക്ക് പോയി. ശ്രീക്കുട്ടിയെ വാതിലിന് സമീപം നിറുത്തി യുവതി ടോയ്‌ലെറ്റിൽ കയറി. ഇവർ പുറത്തിറങ്ങിയപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ പ്രതി ശ്രീക്കുട്ടിയെ മുതുകിൽ ചവിട്ടി തള്ളിയിടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |