
തിരുവനന്തപുരം/പമ്പ: ശബരിമല ദർശനം കഴിഞ്ഞ് കെ.എസ്.ആർ.ടി.സി ബസിൽ മടങ്ങിയ സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ ഡ്രൈവർ രാത്രിയിൽ കൊടും വനത്തിൽ ഇറക്കിവിട്ടെന്ന പരാതിയിൽ നടപടി.
ബസ് ഓടിച്ചിരുന്ന പൂവാർ ഡിപ്പോയിലെ ഡ്രൈവർ എൻ.സജികുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കണ്ടക്ടർ കെ.എൻ.പ്രേമസുതനെ കാഞ്ഞങ്ങാട് യൂണിറ്റിലേക്ക് സ്ഥലം മാറ്റി.
ശബരിമല ദർശനം കഴിഞ്ഞെത്തിയ വനിതകൾ ഉൾപ്പെടെയുള്ള അയ്യപ്പഭക്തരെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഇറക്കുന്നതിനു പകരം രാത്രിയിൽ നിലയ്ക്കൽ ഗോപുരം കഴിഞ്ഞ് റോഡിൽ ഇറക്കിവിട്ടതായി പരാതി അന്വേഷിച്ച വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. തുടർന്ന് ഭക്തർ കാൽനടയായാണ് ബസ് സ്റ്റാൻഡിലേക്ക് എത്തിയത്. ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ നടപടി കെ.എസ്.ആർ.ടി.സിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് വ്യക്തമായതുകൊണ്ടാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലം സ്വദേശികൾക്കാണ് ദുരനുഭവം. 13 അംഗസംഘത്തിൽ എട്ടുമുതൽ 78വയസുവരെയുള്ളവർ ഉണ്ടായിരുന്നു.
17 സീറ്റുള്ള ട്രാവലറിലാണ് ഇവർ ദർശനത്തിനെത്തിയത്. 14 സീറ്റിൽ കൂടുതലുള്ള വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടില്ല. നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ട്രാവലർ പാർക്കുചെയ്തശേഷം കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിലേക്ക് പോയത്. ദർശനം കഴിഞ്ഞ് 17ന് രാത്രി 10ഓടെ പമ്പയിൽ മടങ്ങിയെത്തി. 10.30ന് ഇവിടെനിന്നുള്ള ജെ.എൻ 627 നമ്പർ തിരുവനന്തപുരം ബസിൽ കയറി. നിലയ്ക്കൽ സ്റ്റാൻഡിൽ ബസ് കയറുമെന്ന് കണ്ടക്ടർ അറിയിച്ചതായി തീർത്ഥാടകർ പറഞ്ഞു. പക്ഷേ സ്റ്റാൻഡിൽ കയറിയില്ല. നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും അരക്കിലോമീറ്ററിലധികം മുന്നോട്ടുപോയി.
തുടർന്ന് കണ്ടക്ടറും മറ്റ് യാത്രക്കാരും ബസ് നിറുത്താനും തിരികെ തീർത്ഥാടകരെ നിലയ്ക്കലെത്തിക്കാനും ഡ്രൈവറോട് ആവശ്യപ്പെട്ടു. തീർത്ഥാടകർ ഉച്ചത്തിൽ സംസാരിച്ചതിനാൽ ഇനി എന്തുവന്നാലും വാഹനം തിരികെ നിലയ്ക്കലെത്തിക്കാൻ സാദ്ധ്യമല്ലെന്നായിരുന്നു ഡ്രൈവറുടെ നിലപാട്. ഇതോടെ ഗത്യന്തരമില്ലാതെ തീർത്ഥാടകർ വനത്തിലിറങ്ങി. ആനയും പുലിയും കടുവയും ഉൾപ്പെടെയുള്ള ഭാഗമാണിത്. ഭീതിയോടെ നടന്നാണ് നിലയ്ക്കലെത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |