
□പൊതുമരാമത്ത് അധികൂതരുടെ അനാസ്ഥയിൽ പൊലിഞ്ഞത് യുവാവിന്റെ ജീവൻ
തൊടുപുഴ: ഒന്നര പതിറ്റാണ്ടായുള്ള പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അവഗണനയാണ് മുതലക്കോടം മാവിൻ ചുവട്ടിൽ തിങ്കളാഴ്ച രാത്രിയിൽ നടന്ന അപകടത്തിൽ ജെയ്സ് ബെന്നിയെന്ന ഇരുപത്തിയേഴുകാരന്റെ ജീവനെടുത്തത്. ചെറിയ വളവോടു കൂടിയ ഈ ഭാഗത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കയറിയതോടെയാണ് സ്ലാബ് തകർന്നത്. അതിന് ശേഷം നാല് അപകടങ്ങൾ നടന്നെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കിയില്ല.
രണ്ടാഴ്ച മുമ്പ് ഇവിടെ ഒരു കാർ കുഴിയിൽ വീണത് നാട്ടുകാർ ചേർന്നാണ് വലിച്ച് കയറ്റിയത്. മൂന്ന് മാസം മുമ്പ് ഉണ്ടപ്ലാവ് സ്വദേശിയായ വ്യദ്ധൻ ഇവിടെ വീണ് താടിയെല്ലിന് പൊട്ടലേറ്റിരുന്നു. തിരക്കേറിയ റോഡിൽ ടാറിംഗിനോട് ചേർന്ന് സ്ലാബില്ലാതെ ഓട തുറന്ന് കിടന്നിട്ടും അധികൃതർ അവഗണിച്ചത് ഒടുവിൽ ഒരു മരണത്തിൽ കലാശിച്ചു.
അപകടങ്ങൾ തുടർക്കഥയായതോടെ സ്ഥലത്തെ കെട്ടിട ഉടമ പി.എ കൃഷ്ണകുമാർ സ്ലാബ് സൗജന്യമായി നിർമ്മിച്ച് നൽകാമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പറഞ്ഞതാണ്. എന്നാൽ തങ്ങൾ ആവശ്യപ്പെടുന്നത് പോലെ പണി ചെയ്യണമെന്ന കർശന നിലപാട് അധികൃതരെടുത്തതോടെ കൃഷ്ണകുമാർ പിന്മാറി. എട്ട് മാസം മുമ്പായിരുന്നു സംഭവം. അപകടത്തിൽ താൻ തന്നെ രക്ഷാപ്രവർത്തനം നടത്തി മടുത്തതിനാലായിരുന്നു ഇത്. താലൂക്ക് വികസന സമിതി യോഗത്തിലും നഗരസഭയുടെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലും വിഷയം വന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് കണക്കിലെടുത്തില്ല.
മകനെ വിളിച്ചത്
ദുരന്തമറിയാതെ
രാത്രി അയൽവാസിയുടെ ആശുപത്രി ആവശ്യവുമായി ബന്ധപ്പെട്ട് മകനെ വിളിച്ച ബെന്നിക്ക് ലഭിച്ച മറുപടി ഉടനടി തൊടുപുഴ ജില്ലാ ആശുപത്രിയിലെത്താനായിരുന്നു. രാത്രി കൊല്ലത്ത് നിന്നെത്തിയ ബെന്നി മകന്റെ ചേതനയറ്റ ശരീരമാണ് കാണുന്നത്. ബെന്നിക്ക് ഏക പ്രതീക്ഷയായിരുന്ന മകന്റെ വിയോഗം ഉൾക്കൊള്ളാനായിട്ടില്ല. എറണാകുളത്ത് ചെറിയ ബിസിനസ് നടത്തുന്ന ബെന്നി ജോലിയുമായി ബന്ധപ്പെട്ട് ഓരോ നാട്ടിലായിരിക്കും. ഭാര്യ ബിന്ദു വീട്ടമ്മയാണ്. ഇവർക്ക് പുറമേ ബെന്നിയുടെ പിതാവ് വർഗീസ്, മാതാവ് ഏലിയാമ്മ എന്നിവരാണ് വീട്ടിലുള്ളത്. ജെയ്സിന്റെ സഹോദരി അന്നറോസ് വിവാഹിതയാണ്.
അവസാനമായി
കണ്ടത് അമ്മ
രാത്രി ഒമ്പതരയോടെ ഭക്ഷണം കഴിക്കാനായി മങ്ങാട്ട് കവലയിലേക്ക് യാത്ര പറഞ്ഞിറങ്ങിയ മകന്റേത് അവസാന യാത്രയായിരിക്കുമെന്ന് മാതാവ് ബിന്ദുവും കരുതിയില്ല. ഇടയ്ക്കിടെ സുഹ്യത്തുക്കൾക്കൊപ്പം പുറത്ത് പോകാറുള്ളതാണ്. ഫിസിക്സിൽ ബിരുദവും ഹോട്ടൽ മനേജ്‌മെന്റ് പഠനവും പൂർത്തിയാക്കിയ ജെയ്സ് കഴിഞ്ഞ ഡിസംബറിലാണ് മാലദ്വീപിൽ നിന്നെത്തിയത്. അതിന് മുമ്പ് ഖത്തറിലായിരുന്നു ജോലി. മൗറീഷ്യസിലേക്ക് പോകാനായി വിസ പ്രോസസിംഗ് ഫീസ് അടച്ച തിങ്കളാഴ്ച തന്നെ വിധി ബൈക്കപകടത്തിൽ ജീവൻ കവർന്നു. മുതലക്കോടം സ്‌കൂൾ ഗ്രൗണ്ടിന് പുറകിലുള്ള ആറ് സെന്റ് സ്ഥലത്തെ ഓടിട്ട ചെറിയ വീട്ടിൽ ജെയ്സ് ഇനി ഓർമ്മ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |