
തിരുവനന്തപുരം: ഹിന്ദിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉർദു, പേർഷ്യൻ പദങ്ങളാണ് ദക്ഷിണേന്ത്യക്കാർക്ക് ഹിന്ദി പഠനം ബുദ്ധിമുട്ടാക്കുന്നതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.
ഹിന്ദി ഭാഷയ്ക്കെതിരായ പ്രതികരണം ഭാഷയ്ക്കെതിരെയല്ല. മറിച്ച് അതിൽ ഉപയോഗിക്കുന്ന ചില പദങ്ങളോടുള്ള പരിചയക്കുറവാണ് കാരണം. ഹിന്ദിയിൽ കൂടുതൽ സംസ്‌കൃത പദങ്ങൾ ഉൾപ്പെടുത്തിയാൽ ദക്ഷിണേന്ത്യക്കാർക്ക് ഹിന്ദി നന്നായി മനസിലാക്കാൻ കഴിയും. ഭാഷാ ശാസ്ത്രജ്ഞനായ വി. ഐ. സുബ്രഹ്‌മണ്യം ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ദ്രവിഡിയൻ ലിംഗ്വിസ്റ്റിക്‌സ് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഗവർണർ പറഞ്ഞു.
ഇന്ത്യയിലെ നിരവധി ഭാഷകൾ സംസ്‌കൃതത്തിന്റെ സ്വാധീനത്തിലൂടെ ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം പങ്കിടുന്നു. ഇത് ഭാഷകൾ തമ്മിലുള്ള അകലം കുറയ്ക്കാൻ സഹായിക്കും. ഭാഷാവൈവിധ്യം വിഭജനത്തിന്റെ കാരണമല്ല. ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തിന്റെ വൈവിദ്ധ്യമാർന്ന പ്രകടനമാണിവ. ഭാഷകൾ തമ്മിലുള്ള സാമ്യം കണ്ടെത്തി അതേപ്പറ്റി കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ട്. പരസ്പരം ബന്ധമുള്ള ഭാഷകളെ മനസിലാക്കാനുള്ള ശ്രമം രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |