കോഴിക്കോട് : മുനമ്പം ഭൂമി ഏറ്റെടുത്ത വഖഫ് ബോർഡിന്റെെ നടപടിയെ ചോദ്യം ചെയ്ത് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിൽ വാദം തുടങ്ങി. കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ ആണ് വാദം കേൾക്കുന്നത്. കേസിൽ കക്ഷിചേരാൻ മുനമ്പം നിവാസികൾക്ക് കഴിഞ്ഞ ദിവസം കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ അനുമതി നൽകിയിരുന്നു.
മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ സംസ്ഥാന വഖഫ് ബോർഡ് നടപടിക്കെതിരെയടക്കം രണ്ട് ഹർജികളാണ് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് സമർപ്പിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ 2019 ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്ട്രറിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാണ് ഫാറൂഖ് കോളേജ് സമർപ്പിച്ച അപ്പീലുകൾ. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നാണ് വഖഫ് ബോർഡിന്റെ വാദം.
ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ള്ളളതിനാൽ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളേജിനായി ഹാജരായ അഭിഭാഷകരും വാദിച്ചു. വഖഫ് ആധാരത്തിൽ രണ്ടു തവണ വഖഫ് എന്ന് പരാമർശിച്ചതും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നതായി പറഞ്ഞതും വഖഫ് ബോർഡ് ചൂണ്ടിക്കാണിച്ചു. ഫാറൂഖ് കോളേജ് മത ജീവകാരുണ്യ സ്ഥാപനമല്ലാത്തതിനാൽ ഭൂമി നൽകിയതിനെ വഖഫിന്റെ പരിഗണനയിൽ പെടുത്താനാവില്ലെന്ന് മുനമ്പം നിവാസികളും വാദിച്ചു. ഹർജിയിൽ ഇന്നും വാദം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |