തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് ശനിയാഴ്ച നടത്തിയ 'ഓപ്പറേഷൻ ക്ലീൻ വീൽസ്' എന്ന മിന്നൽ പരിശോധനയിൽ വ്യാപകമായ പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി.21 ഉദ്യോഗസ്ഥർ വിവിധ ഏജന്റുമാരിൽ നിന്ന് 7,84,598 രൂപ യു.പി.ഐ ഇടപാടിൽ കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെത്തിയ 11 ഏജന്റുമാരിൽ നിന്ന് 1,40,760 വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
നിലമ്പൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പരിസരത്ത് നിന്ന് വലിച്ചെറിഞ്ഞ നിലയിൽ 49,300 രൂപയും, വൈക്കം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ജനലിൽ ഒളിപ്പിച്ച നിലയിൽ പണവും കണ്ടെത്തി. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകിട്ട് 4.30 മുതലായിരുന്നു പരിശോധന .
കൈക്കൂലി ലഭിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ ഓൺലൈൻ അപേക്ഷകൾ ചെറിയ അപാകതകൾ ചൂണ്ടിക്കാട്ടി നിരസിക്കുകയും മനഃപൂർവം കാലതാമസം വരുത്തുകയും ചെയ്യുന്നു. ഏജന്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ സീനിയോറിറ്റി മറി കടന്ന് വേഗത്തിൽ തീരുമാനമെടുക്കുന്നുവെന്നും കണ്ടെത്തി. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാക്കുന്നതിനും പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ അനുവദിക്കുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും വാഹന ഷോറൂമുകളിലെ ഏജന്റുമാരും വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾക്ക് വേണ്ടത്ര പരിശോധനകൾ നടത്താതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് അനുവദിക്കുന്നത്.
''മിന്നൽ പരിശോധനയുടെ ഭാഗമായുള്ള തുടരന്വേഷണം വരും ദിവസങ്ങളിലും തുടരും. ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദമായ പരിശോധന നടത്തും''
-മനോജ് എബ്രഹാം,
വിജിലൻസ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |