തിരുവനന്തപുരം: എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഒരേ നുണ ആവർത്തിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളീയ സമൂഹത്തെ പരിഹസിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്ത് റോഡ് നിയമലംഘനങ്ങളും അപകടങ്ങ,ളും ഗണ്യമായി കുറയ്ക്കാൻ എ.ഐ ക്യാമറകൾ സഹായകമായെന്ന കണക്കുകൾ പുറത്തു വന്നതോടെ പ്രതിപക്ഷത്തിന്റെ നുണക്കഥകളുടെ ആയുസ്സൊടുങ്ങി. മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് പദ്ധതിയുടെ കരാറിൽ പങ്കുണ്ടെന്ന് ആരോപിച്ചപ്പോൾ തന്നെ വെല്ലുവിളിച്ചിട്ടും ,തെളിവിന്റെ ഒരു കണിക പോലും പുറത്തു വിടാൻ ചെന്നിത്തലയ്ക്കും കൂട്ടർക്കും കഴിഞ്ഞിട്ടില്ല. കരാർ കിട്ടാതിരുന്ന ചില കമ്പനികളുടെ വക്കാലത്ത് പിടിച്ചാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് കെൽട്രോൺ മറുപടി നൽകിയില്ലെന്ന് ആരോപിക്കുന്നത്. മറുപടിയിൽ തൃപ്തനല്ലെങ്കിൽ അപ്പീൽ പോകാൻ അവസരവുമുണ്ട്.
അക്ഷര എന്റർപ്രൈസസ് എന്ന കമ്പനിക്ക് ആവശ്യമായ പ്രവർത്തന പരിചയമില്ലെന്ന ആരോപണവും ചെന്നിത്തല ആവർത്തിക്കുന്നു. 2010 ൽ രജിസ്റ്റർ ചെയ്ത കമ്പനി 2017 ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി. ഇതുമായി ബന്ധപ്പെട്ട കമ്പനീസ് ഓഫ് രജിസ്ട്രാർ നൽകിയ രേഖ ടെൻഡർ ഡോക്യൂമെന്റിലുണ്ടെന്നത് ചെന്നിത്തല കൗശലപൂർവ്വം മറച്ചു വയ്ക്കുന്നു.ഒരു ലക്ഷം രൂപ വിലയുള്ള ക്യാമറയ്ക്ക് 10 ലക്ഷം രൂപ ക്വോട്ട് ചെയ്തെന്നും ആവർത്തിക്കുന്നു. ഓപ്പൺ ടെൻഡറാണ് വിളിച്ചത്. ഈ പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നതിനു സമാനമായ ക്യാമറ യൂണിറ്റുകൾ പത്തിലൊന്നു വിലയ്ക്ക് വിൽക്കുന്ന കമ്പനികൾ ഏതെന്നു പറയാൻ ചെന്നിത്തലയും കൂട്ടരും തയ്യാറാവണമെന്ന് ഗോവിന്ദൻ ആവശ്യപ്പെട്ടു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |