തിരുവനന്തപുരം:കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും കെ.സുധാകരനെ പ്രസിഡന്റ് പദത്തിൽ നിന്ന് മാറ്റിയാലും ഇല്ലെങ്കിലും തർക്കം തുടരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. 2026 കഴിഞ്ഞാലും തർക്കം അവസാനിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തന്നെ മൂലക്കിരുത്താൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ പറയുന്നത്. സുധാകരനെ മാറ്റാൻ തീരുമാനിച്ചെന്ന് ഒരുവിഭാഗവും മാറില്ലെന്ന് സുധാകരനും മാറ്റാൻ പാടില്ലെന്ന് കെ.മുരളീധരനും പറയുന്നു. കെ.പി.സി.സി പ്രസിഡന്റായി ആര് വന്നാലും ഞങ്ങളുടെ വിഷയമല്ല. പ്രസിഡന്റ് ആരെന്നതല്ല, സംഘടനയുടെ നിലപാടും നയവുമാണ് പ്രശ്നം. കോൺഗ്രസ് ശക്തിയാർജ്ജിക്കുന്തോറും കൂടുതൽ ശക്തിയിൽ പൊട്ടിത്തെറികളുണ്ടാകും.
മുഖ്യമന്ത്രിക്കെതിരെ കെ.മുരളീധരൻ നടത്തിയ പരാമർശം തോന്ന്യാസമാണ്. തോന്ന്യാസത്തിന് മറുപടി പറയാനില്ല. വിഴിഞ്ഞത്തിന്റെ തന്ത ആരാണെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. കോൺഗ്രസിലെ തമ്മിലടിയിൽ നിന്ന് ശ്രദ്ധ മാറ്റുന്നതിനുള്ള പ്രയോഗങ്ങളാണ് മുരളിയിൽ നിന്നുണ്ടാകുന്നത്- ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |