# സോളാർ ലാഭകരമല്ലാതാവും
തിരുവനന്തപുരം: സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളെ കടത്തിവെട്ടുന്ന തരത്തിൽ സോളാർ വൈദ്യുതി ഉല്പാദനം വ്യാപകമാവുമ്പോൾ, അതിനെ അട്ടിമറിക്കാൻ കെ.എസ്.ഇ.ബി തന്നെ തന്ത്രങ്ങൾ മെനയുന്നു. സോളാർ ഉപഭോക്താക്കൾക്ക് ഗുണകരമാവുന്ന തരത്തിൽ വൈദ്യുതി റീഡിംഗ് നടത്തുന്ന നെറ്റ് മീറ്ററിന് പകരം അമിത തുക ഈടാക്കാൻ വഴിയൊരുക്കുന്ന ഗ്രോസ് മീറ്റർ സംവിധാനം ബാധകമാക്കാനാണ് ആലോചന.
ഗ്രിഡിൽ നിന്ന് രാത്രികാലത്ത് ഉപയോഗിക്കുന്ന വൈദ്യുതിയിൽ നിന്ന് പകൽ സമയം സോളാറിലൂടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് കിഴിച്ച് ശേഷിക്കുന്ന വൈദ്യുതിക്ക് മാത്രം പണം നൽകുന്ന സംവിധാനമാണ് നെറ്റ് മീറ്റർ.ഇത് ഗ്രോസ് മീറ്ററിലേക്ക് മാറ്റിയാൽ ഗ്രിഡിൽ നിന്ന് രാത്രികാലത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് വൻനിരക്ക് നൽകേണ്ടിവരും.ഗ്രിഡിലേക്ക് നൽകുന്ന സോളാറിന് താരതമ്യേന നിസാരവിലയേ കിട്ടുകയുള്ളൂ.അതോടെ സോളാർ പ്ളാന്റ് സ്ഥാപിക്കുന്നതിന്റെ ലാഭം ഇല്ലാതാകും.
ഇതിനായി 'റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്സ്' റഗുലേഷൻസിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് നീക്കം.
പുതിയ റെഗുലേഷൻസ് നിലവിൽ വരുന്നതോടെ മൂന്ന് കിലോവാട്ടിൽ കൂടുതൽ സോളാർ ഉൽപാദിപ്പിക്കുന്നവർക്ക് നെറ്റ് മീറ്റർ ഉപയോഗിക്കാനാവില്ല.പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ശേഖരിച്ച് വെയ്ക്കാൻ പണം മുടക്കി ബാറ്ററി വാങ്ങിവെച്ചാൽ അഞ്ച് കിലോവാട്ട് വരെ സോളാർ ഉൽപാദിപ്പിക്കുന്നവർക്കും നെറ്റ് മീറ്റർ വെയ്ക്കാം. പകൽ ഉൽപാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകുന്ന സോളാർ വൈദ്യുതിയുടെ 66% മാത്രമേ വൈകിട്ട് ആറുമുതൽ രാത്രി 11.30വരെയുള്ള സമയത്ത് ഗ്രിഡിൽ നിന്ന് എടുക്കാൻ പാടുള്ളുവെന്ന പുതിയ വ്യവസ്ഥയും നടപ്പാക്കും.ഇത് പരിഹരിക്കാൻ സോളാർ പ്ളാന്റിനൊപ്പം ബാറ്ററിയും സ്ഥാപിക്കണമെന്നതാണ് നിർദ്ദേശം.അത് ചെലവേറെ വരുന്ന നിർദ്ദേശമാണ്.നിക്ഷിപ്ത താല്പര്യങ്ങൾ മുൻനിറുത്തി സോളാറിനെ തളർത്താനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്.
ഗ്രോസ് മീറ്റർ അടിച്ചേൽപിക്കാനും ജനറേഷൻ ഡ്യൂട്ടിയായി യൂണിറ്റിന് 15പൈസ വീതം ഈടാക്കാനും മുൻപ് നടത്തിയ നീക്കം ജനകീയ പ്രതിഷേധത്തെ ഉപേക്ഷിച്ചിരുന്നു.
സോളാർ വ്യാപിച്ചാൽ സ്വകാര്യ
കരാർ വൈദ്യുതിക്ക് തിരിച്ചടി
80 ദശലക്ഷം യൂണിറ്റ്:
കേരളം ഒരു ദിവസം
ഉപയോഗിക്കുന്നത്
20 ദശലക്ഷത്തിൽ താഴെ:
കേരളത്തിലെ
പ്രതിദിന ഉല്പാദനം
10-20 ദശലക്ഷം:
പ്രതിദിന
സോളാർ ഉല്പാദനം
24-30 ദശലക്ഷം:
കരാർ കമ്പനികളിൽ നിന്ന്
പ്രതിദിനം വാങ്ങുന്നത്
40 ദശലക്ഷം:
സോളാർ വ്യാപകമാവും മുമ്പ്
കരാർ കമ്പനികളിൽ നിന്ന്
പ്രതിദിനം വാങ്ങിയിരുന്നത്
12000 കോടി രൂപ:
പ്രതിവർഷം കരാർ
കമ്പനികൾ ഈടാക്കുന്നത്
#ബാറ്ററി ചെലവ് 2.50ലക്ഷം
സാധാരണ കുടുംബത്തിന് എ.സി.ഉൾപ്പെടെയുള്ള ചെലവിന് 6 ബാറ്ററികളും നാല് പാനലും ഇൻവെർട്ടറും അടക്കമുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനത്തിന് 2.50ലക്ഷം രൂപ ചെലവ് വരും.
#സോളാർ പ്ളാന്റ് ചെലവ്
മൂന്ന് കിലോവാട്ട് പ്ളാന്റ് സ്ഥാപിക്കാൻ 2.25ലക്ഷംവും 5 കിലോവാട്ട് പ്ളാന്റിന് 3.35ലക്ഷവും ചെലവ് വരും.
78,000വരെ:
പുരപ്പുറ സോളാറിന്
സബ്സിഡി
1,51,922:
സംസ്ഥാനത്തെ
പുരപ്പുറ നിലയങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |