തിരുവനന്തപുരം: കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31വരെ വീട്ടിൽ ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നൽകിയ സൗരോർജ്ജ വൈദ്യുതിക്ക് വില നിശ്ചയിച്ചത് അപര്യാപ്തതയെന്ന് ആക്ഷേപം. കഴിഞ്ഞ വർഷം 3.15രൂപയാണ് യൂണിറ്റ് വൈദ്യുതിക്ക് നൽകിയത്. ഇത്തവണ അത് 11പൈസ കൂട്ടി 3.26രൂപയാക്കി. യഥാർത്ഥത്തിൽ നൽകേണ്ടിയിരുന്നത് 4.36രൂപയായിരുന്നുവെന്നാണ് ഉൽപാദകർ പറയുന്നത്.സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് നിരക്ക് നിശ്ചയിച്ചത്.
വൈദ്യുതി നിയമപ്രകാരം ആവറേജ് പൂൾഡ് പവർ പർച്ചേസ് കോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സോളാർ വൈദ്യുതിയുടെ നിരക്ക് നിർണ്ണയിക്കേണ്ടത്. ഇതനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബി.വൈദ്യുതി വാങ്ങിയ വിലയും കെ.എസ്.ഇ.ബി.ഉൽപാദിപ്പിച്ച വൈദ്യുതിയുടെ വിലയും കണക്കിലെടുത്ത് അതിന്റെ ശരാശരിയുമായി താരതമ്യം ചെയ്താണ് ആവറേജ് പൂൾഡ് പവർ പർച്ചേസ് വില നിശ്ചയിക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുതി വാങ്ങൽ വില യൂണിറ്റിന് 4.36രൂപയാണെന്ന് റെഗുലേറ്ററി കമ്മിഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഈ നിരക്കാണ് പുറപ്പുറ സോളാറിൽ നിന്ന് വാങ്ങുന്ന വൈദ്യുതിക്കും നൽകേണ്ടത്. കുറയ്ക്കണമെങ്കിൽ കാരണങ്ങൾ വ്യക്തമാക്കണം.
ഇത്തവണ 3.26രൂപ യൂണിറ്റ് സോളാർ വൈദ്യുതിക്ക് നിശ്ചയിച്ചത് മുൻ വർഷത്തെ നിരക്കായ 3.15രൂപയ്ക്കൊപ്പം ഉപഭോക്തൃ വിലസൂചികയായ 3.41% കൂട്ടിയാണ്.ഇത് ക്രമവിരുദ്ധമാണ്.
വൈദ്യുതി താരിഫ് റെഗുലേഷൻ പ്രകാരംഇൻഫ്ളേഷൻ ഇൻഡക്സ് ചേർത്ത് വില നിശ്ചയിക്കുന്നത് ജീവനക്കാരുടെ ശമ്പളത്തിനും ഒ.ആൻഡ് എം.ചെലവിനും മാത്രമാണ്. സോളാർ വൈദ്യുതിയുടെ ശരാശരി വാങ്ങൽ നിരക്ക് നിശ്ചയിക്കുന്നതിന് അത് ബാധകമല്ല. വിലസൂചിക ചേർത്ത് സോളാർ നിരക്ക് നിശ്ചയിച്ച നടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ് സോളാർ ഉൽപാദകരുടെ തീരുമാനം. ഇതാദ്യമായാണ് സോളാർ വൈദ്യുതിക്ക് കൺസ്യൂമർ ഇൻഫ്ളേഷൻ ഇൻഡക്സ് അനുസരിച്ച് വില നിശ്ചയിക്കുന്നതെന്നും രാജ്യത്ത് ഒരുസംസ്ഥാനത്തും റെഗുലേറ്ററി കമ്മിഷൻ ഇത്തരത്തിൽ സോളാർ വൈദ്യുതിക്ക് താരിഫ് നിശ്ചയിച്ചിട്ടില്ലെന്നും അവർ പറയുന്നു.റെഗുലേറ്ററി കമ്മിഷന്റെ നടപടി സോളാർ ഉൽപാദകർക്ക് തിരിച്ചടിയാണെന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |