തിരുവനന്തപുരം: സംസ്ഥാനത്തെ പുരപ്പുറ സോളാർ വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങുന്നത് സംബന്ധിച്ച നിലവിലെ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള പുനരുപയോഗ ഊർജ്ജ ചട്ടഭേദഗതിയുടെ കരടിൻമേലുള്ള എതിർപ്പ് രൂക്ഷം.ചൊവ്വാഴ്ച ഓൺലൈനായി തുടങ്ങിയ തെളിവെടുപ്പിൽ പങ്കെടുക്കാൻ 1600ലേറെ സംഘടനകളും വിദഗ്ദ്ധരുമാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ നാലുദിവസമായി നടത്താനിരുന്ന തെളിവെടുപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു.
ജൂലായ് 15,17 ദിവസങ്ങളിൽ കൂടി തെളിവെടുപ്പുണ്ടാകും. നേരത്തെ 8 മുതൽ 11വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. 9 ന് പൊതുപണിമുടക്കായതിനാൽ അന്നത്തെ തെളിവെടുപ്പ് 16ലേക്ക് മാറ്റിയിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് ഓൺലൈനായി ഹാജരാകേണ്ട ദിവസവും സമയവും ലിങ്കും ഇ.മെയിൽ,വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെ ലഭിക്കും. 5 മിനിട്ടാണ് അഭിപ്രായം അറിക്കാൻ അനുവദിക്കുന്നത്.
പുരപ്പുറ സോളാർ സംവിധാനത്തിലൂടെ ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബി.ക്ക് മിച്ച വൈദ്യുതി നൽകുന്നതിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. മൂന്ന് കിലോവാട്ടിൽ കൂടുതൽ ഉത്പാദനശേഷിയുള്ളവർ ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കണം,പകൽ കെ.എസ്.ഇ.ബി.ക്ക് നൽകുന്ന വൈദ്യുതിക്ക് തുല്യമായ വൈദ്യുതി കെ.എസ്.ഇ.ബി.യിൽ നിന്ന് നിരക്ക് വ്യത്യാസമില്ലാതെ തിരിച്ച് വാങ്ങുന്നതിന് നിയന്ത്രണം തുടങ്ങിയവയിലാണ് എതിർപ്പ്. എല്ലാം പഠിച്ചും പരിഗണിച്ചുമായിരിക്കും കമ്മിഷൻ അന്തിമ തീരുമാനമെടുക്കുകയെന്ന് ചെയർമാൻ ടി.കെ.ജോസ് അറിയിച്ചു. ദിവസവും 140 പേർക്കാണ് അഭിപ്രായം അറിയിക്കാൻ അവസരം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |