തിരുവനന്തപുരം: പുരപ്പുറ സോളാർ വൈദ്യുതിയുടെ ഇടപാടുകൾക്ക് കെഎസ്ഇബി പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതായുള്ള വാർത്ത കടുത്ത ആശയാണ് സോളാർ ഉപഭോക്താക്കൾക്ക് സമ്മാനിച്ചത്. നിരന്തരം കൂടിവരുന്ന വൈദ്യുതി ചെലവിൽ നിന്ന് രക്ഷപ്പെടാനാണ് പലരും സോളാറിലേക്ക് മാറിയത്. പുതിയ നിയന്ത്രണങ്ങൾ വരുമ്പോൾ വീണ്ടും സാമ്പത്തികഭാരം പേറേണ്ടിവരുമോ എന്നാണ് ആശങ്ക. എന്നൽ, സൗരോർജ്ജ ഉത്പാദകരുടെ മീറ്ററിംഗ് രീതിയിൽ കെ എസ് ഇ ബി വലിയ തോതിലുള്ള മാറ്റം വരുത്തുന്നു എന്നതരത്തിലുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതുസംബന്ധിച്ച് ചില വിവരങ്ങളും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎസ് ഇബി പുറത്തുവിട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സൗരോർജ്ജ ഉത്പാദകരുടെ മീറ്ററിംഗ് രീതിയിൽ കെ എസ് ഇ ബി വലിയ തോതിലുള്ള മാറ്റം വരുത്തുന്നു എന്നതരത്തിൽ തികച്ചും അടിസ്ഥാനരഹിതമായ ഒരു പ്രചാരണം സോഷ്യൽ മീഡിയയിലും ഇതര മാധ്യമങ്ങളിലും വ്യാപകമായിരിക്കുകയാണ്. ഇതുസംബന്ധിച്ച യഥാർത്ഥ വസ്തുതകൾ ഒന്ന് പരിശോധിക്കാം.
ചോദ്യം 1 : സൗരോർജ്ജ ഉത്പാദകരുടെ മീറ്ററിംഗ് രീതിയിൽ കെ എസ് ഇ ബി മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ?
വൈദ്യുതി നിയമം 2003 പ്രകാരം, വൈദ്യുതി മേഖലയുടെ സുസ്ഥിര വികസനത്തിനുള്ള റെഗുലേഷനുകൾ പുറപ്പെടുവിക്കുന്നതിനുള്ള ചുമതല പൂർണ്ണമായും ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനുകളിൽ നിക്ഷിപ്തമാണ്. ഇക്കാര്യത്തിൽ കെ എസ് ഇ ബിക്ക് യാതൊരധികാരവുമില്ല. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ച റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ് റെഗുലേഷൻസ് 2020ന്റെ കാലാവധി 2024-25 സാമ്പത്തിക വർഷത്തിൽ അവസാനിച്ച സാഹചര്യത്തിലാണ് 2025 - 2029 വർഷത്തിലേക്കുള്ള പുതിയ റെഗുലേഷന്റെ കരട് റെഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചത്. കരടിന്മേൽ പൊതുജനങ്ങളുടെ അഭിപ്രായം ഉൾപ്പെടെ തേടിയതിനുശേഷമായിരിക്കും കമ്മീഷൻ അന്തിമ റെഗുലേഷൻ പുറപ്പെടുവിക്കുന്നത്.
ചോദ്യം 2 : സോളാർ മീറ്ററിംഗിൽ മാറ്റം അനിവാര്യമാണോ? എന്തുകൊണ്ട്?
പുരപ്പുറ സൗരോർജ്ജരംഗത്ത് രാജ്യത്തുതന്നെ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഏകദേശം 1500 മെഗാവാട്ടാണ് നിലവിൽ സംസ്ഥാനത്തെ ആകെ സൗരോർജ്ജ സ്ഥാപിതശേഷി. ഇതിൽ 1200 മെഗാവാട്ടും പുരപ്പുറ സൗരോർജ്ജ സ്ഥാപിതശേഷിയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി, സംസ്ഥാനത്തിലെ ആകെ വൈദ്യുതി ഉപയോഗത്തിന്റെ 80 ശതമാനവും ഗാർഹിക ഉപയോഗമാണ്. സ്വാഭാവികമായും വീടുകളിലെ വൈദ്യുതി ഉപയോഗം പകൽ സമയത്ത് താരതമ്യേന കുറവായിരിക്കും. എന്നാൽ പകൽ സമയത്തെ ഉപയോഗത്തിന്റെ പതിന്മടങ്ങാണ് രാത്രി സമയത്തുണ്ടാവുക. രാത്രി സമയത്തെ വൈദ്യുതി ആവശ്യകതയുടെ 70 ശതമാനവും പുറത്തുനിന്ന് വാങ്ങിയാണ് കെ എസ് ഇ ബി നിറവേറ്റുന്നത് എന്നതും മറന്നുകൂടാ. ദേശീയതലത്തിൽത്തന്നെ പകൽ സമയത്തെ വൈദ്യുതിയുടെ വില താരതമ്യേന കുറവാണ്. എന്നാൽ നോൺ സോളാർ സമയങ്ങളിൽ വൈദ്യുതിയുടെ നിരക്ക് വലിയതോതിൽ ഉയർന്നു നില്‍ക്കുകയും ചെയ്യുന്നു. ചില മാസങ്ങളിലാകട്ടെ രാത്രി സമയത്ത് കമ്പോളത്തിൽ വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്.
സാധാരണയായി, വൈദ്യുതി ആവശ്യകത കുറഞ്ഞ പകൽ സമയത്ത് ഉല്പാദിപ്പിക്കുന്ന സൗരോർജ്ജ വൈദ്യുതി വിനിയോഗിക്കുന്നതിനായി, കെ.എസ്.ഇ.ബി ദീർഘകാല കരാറിലൂടെ ഏർപ്പെട്ടിട്ടുള്ള വൈദ്യുതി എടുക്കാതിരിക്കുകയോ, ആഭ്യന്തര ജലവൈദ്യുതി നിലയങ്ങളിലെ ഉത്പാദനം കുറയ്ക്കുകയോ ചെയ്യാറുണ്ട്. എന്നാൽ സോളാർ നിലയങ്ങളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഇത്തരത്തിലുള്ള നിയന്ത്രണം പ്രായോഗികമല്ലാതെ വന്നിരിക്കുകയാണ്. കൂടാതെ, നെറ്റ് മീറ്ററിംഗ് സംവിധാനം നിലവിൽ ഉള്ളതിനാൽ പകൽ സമയങ്ങളിൽ പ്രോസ്യുമർമാർ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും നിലവിൽ ബാങ്ക് ചെയ്യപ്പെടുകയാണ്. ഇപ്രകാരം ബാങ്ക് ചെയ്യപ്പെടുന്ന വൈദ്യുതി തുടർന്നുള്ള ദിവസങ്ങളിലും ഒരുപക്ഷേ തുടർന്നുള്ള മാസങ്ങളിലുൾപ്പെടെ രാത്രികാലങ്ങളിൽ തിരിച്ചെടുക്കുകയും ചെയ്യുന്നു. രാത്രികാലങ്ങളിൽ ഉയർന്ന നിരക്കില്‍ പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതി ഇത്തരത്തിൽ സോളാർ ഉത്പാദകർ ബാങ്ക് ചെയ്യുന്ന വൈദ്യുതിക്ക് പകരമായി നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
മറ്റൊരു പ്രശ്നം കൂടിയുണ്ട്. പകൽ സമയത്ത് വലിയതോതിൽ സോളാർ വൈദ്യുതി ഗ്രിഡിലേക്ക് വരുന്നത് വൈദ്യുതി ശൃംഖലയുടെ സ്ഥിരതയെത്തന്നെ ബാധിക്കുന്ന നില സൃഷ്ടിക്കുന്നുണ്ട്. സോളാർ ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകൾ മൂലം ഗ്രിഡിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾക്ക് ഡീവിയേഷന്‍ ചാർജ് ഇനത്തിലും കെ എസ് ഇ ബി വലിയ തുക നൽകേണ്ടതായി വരുന്നു. ഇത്തരം അധികച്ചെലവുകളെല്ലാം തന്നെ സൗരോർജ്ജ നിലയങ്ങള്‍ സ്ഥാപിക്കാത്ത ബഹുഭൂരിപക്ഷം വരുന്ന സാധാരണ ഉപഭോക്താക്കളുടെ താരിഫ് നിരക്കിലാണ് പ്രതിഫലിക്കുന്നത്. ഇത് പരിഹരിക്കുന്നതിനായി നിലവിലുള്ള ബില്ലിംഗ് രീതി പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. പകൽ സമയത്ത് ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള നിരവധി സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ പ്രോസ്യൂമർമാർക്ക് മറ്റ് ബില്ലിംഗ് രീതികളായ നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗ് തുടങ്ങിയവ നടപ്പിലാക്കിയിട്ടുണ്ട്.
ചോദ്യം 3: വൈദ്യുതി സ്റ്റോറേജ് എന്തുകൊണ്ട് പ്രോത്സാഹിപ്പിക്കപ്പെടണം?
സോളാർ വൈദ്യുതി, ഗ്രിഡിൽ ഉണ്ടാക്കുന്ന സാങ്കേതിക പ്രശ്നങ്ങളും ബഹുഭൂരിപക്ഷം വരുന്ന മറ്റ് ഉപഭോക്താക്കൾ നിലവിൽ വഹിക്കേണ്ടിവരുന്ന അധിക ബാധ്യതയും പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സൗരോർജ്ജ ഉത്പാദനത്തോടൊപ്പം സ്റ്റോറേജ് കൂടി പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഈ ഘടകങ്ങൾ കൂടി കണക്കിലെടുത്താണ് റെഗുലേറ്ററി കമ്മീഷൻ, കരട് റെഗുലേഷനിൽ ബാറ്ററി പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നുവേണം മനസ്സിലാക്കാൻ.
ചോദ്യം 4: പുതിയ റെഗുലേഷൻ പ്രകാരം നിലവിലെ സോളാർ പ്രൊസ്യൂമർമാരുടെ മീറ്ററിംഗ് രീതി മാറില്ലേ?
ഇല്ല, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ച കരട് റിന്യൂവൽ എനർജി റെഗുലേഷൻ 2025, പ്രകാരം നിലവിൽ നെറ്റ് മീറ്ററിംഗ് രീതി പിന്തുടരുന്ന എല്ലാ പ്രോസ്യുമേഴ്സിനും തുടർന്നും നെറ്റ് മീറ്ററിംഗ് തന്നെ തുടരാവുന്നതാണ്. സോളാർ നിലയത്തിൻ്റെ ശേഷി, സ്റ്റോറേജ് സംവിധാനം സ്ഥാപിച്ചിട്ടുണ്ടോ എന്നതൊന്നും കണക്കിലെടുക്കാതെ തന്നെ നെറ്റ് മീറ്ററിംഗ് രീതിയിൽ തന്നെയായിരിക്കും ഇവരുടെ ബിൽ കണക്കാക്കുക. കൂടാതെ പുതിയതായി സ്ഥാപിക്കുന്ന 3 കിലോവാട്ട് വരെ ശേഷിയുള്ള ഗാർഹിക, വ്യവസായിക സോളാർ നിലയങ്ങൾക്കും നെറ്റ് മീറ്ററിംഗ് തന്നെ ബാധകമാകും എന്നാണ് കരട് റെഗുലേഷനിൽ പ്രതിപാദിക്കുന്നത്. കാർഷിക പ്രോസ്യുമേഴ്സിന് നെറ്റ് മീറ്ററിംഗില്‍ തുടരുന്നതിൽ പ്ലാൻ്റ് കപ്പാസിറ്റി പരിധി ബാധകമല്ല എന്നും കരടിൽ സൂചിപ്പിക്കുന്നു.
വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |