
കോഴിക്കോട്: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ സുബ്രഹ്മണ്യനെ ചേവായൂർ പൊലീസ് നോട്ടീസ് നൽകി വിട്ടയച്ചു. ഏറെനേരമായി പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട നേതാക്കളടക്കം സ്റ്റേഷനിലെത്തി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ പ്രവീൺ കുമാർ പൊലീസിന് നേരെ വലിയ വിമർശനം ഉന്നയിച്ചിരുന്നു.
'എൻ സുബ്രഹ്മണ്യനെതിരെ പിണറായി വിജയന്റെ പൊലീസ് സ്വീകരിച്ച നടപടി അന്യായവും അകാരണവുമാണ്. ഈ നടപടി അവഗണനയോടെ ഞങ്ങൾ തള്ളുകയാണ്. അകാരണമായ ഈ നടപടിക്ക് പൊലീസ് കടുത്ത വില നൽകേണ്ടിവരും. പ്രഭാതകൃത്യങ്ങൾക്ക് പോലും സമയം കൊടുക്കാതെ ഒരു കൊടുംകുറ്റവാളിയെ പിടികൂടുന്നതുപോലെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആ പൊലീസുകാരൻ ഓർത്തോളൂ ഇതിന് കനത്ത വില നൽകേണ്ടിവരും. ഇന്ന് സിപിഎമ്മുകാർക്ക് പലയിടത്തും ഭരണം നഷ്‌ടപ്പെട്ടു. യുഡിഎഫ് സീറ്റുകൾ തൂത്തുവാരി. അതിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിച്ചത്.
എഫ്‌ഐആറിൽ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. അങ്ങനെയൊരു കേസിൽ ഇങ്ങനെ വീടുവളഞ്ഞ് പിടികൂടിയ നടപടി കേരളത്തിലാദ്യമാണ്. നോട്ടീസ് കൊടുത്ത് വിളിച്ചിരുന്നെങ്കിൽ അദ്ദേഹം സ്റ്റേഷനിൽ ഹാജരായേനെ. അദ്ദേഹത്തെ അറസ്റ്റ് ചെയ്‌ത് സ്വന്തം ജാമ്യത്തിലാണ് വിട്ടയച്ചത്. ഒരു പെറ്റി കേസിന് തുല്യമായ കേസാണിത്. പിന്നെ എന്തിനാണ് ഇത്തരമൊരു നടപടി. ഇനി ഇതിനെയെല്ലാം നിയമപരമായി നേരിടും'- കെ പ്രവീൺ കുമാർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയും ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ഉണ്ണികൃഷ്‌ണൻ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പങ്കുവച്ചതിനാണ് കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ സുബ്രഹ്മണ്യനെ പൊലീസ് വീടുവളഞ്ഞ് പിടികൂടിയത്. വിഷയത്തിൽ കെ സി വേണുഗോപാൽ എംപി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധം അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |