
ജയ്‌പുർ: ഓടുന്ന കാറിൽ ഐ.ടി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു, സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ജി.കെ.എം ഐ.ടിയുടെ സി.ഇ.ഒ ജിതേഷ് പ്രകാശ് സിസോദിയ, വനിതാ എക്സിക്യുട്ടീവ് ഓഫീസർ ശില്പ സിരോഹി, ഭർത്താവ് ഗൗരവ് സിരോഹി എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂന്നുപേരും തന്നെ മാറിമാറി മാനഭംഗപ്പെടുത്തിയതായി യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മെഡിക്കൽ പരിശോധനയിൽ യുവതി മാനഭംഗത്തിനിരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതിജീവിതയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പരിക്കേറ്റെന്നും ആഭരണങ്ങൾ, സോക്സുകൾ, അടിവസ്ത്രങ്ങൾ എന്നിവ നഷ്ടപ്പെട്ടതായും പൊലീസ് പറഞ്ഞു.
ഡിസംബർ 20നായിരുന്നു സംഭവം. ഉദയ്പൂരിലെ ഷോബാഗ് പുരയിലെ ഹോട്ടലിൽ സിസോദിയയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനാണ് യുവതി എത്തിയത്. രാത്രി 9.30ന് ആരംഭിച്ച പാർട്ടി പുലർച്ചെ 1.30 വരെ നീണ്ടുനിന്നു. അതിജീവിത ഉൾപ്പെടെ പാർട്ടിയിൽ പങ്കെടുത്തവരെല്ലാം മദ്യപിച്ചിരുന്നു. പുലർച്ചെ 1.30ഓടെ യുവതിയെ വീട്ടിൽ എത്തിക്കാൻ ശില്പ സിരോഹി, ഗൗരവ് സിരോഹി എന്നിവർ ഇവരുടെ കാറാണ് ഏർപ്പാടാക്കിയത്. ഗൗരവ് ആയിരുന്നു കാർ ഓടിച്ചിരുന്നത്. ശില്പ, ജിതേഷ് , അതിജീവിത എന്നിവർ പിന്നിൽ ഇരുന്നു. യാത്രയ്ക്കിടെ യുവതിക്ക് മയങ്ങാനുള്ള മരുന്ന് വാങ്ങി കഴിപ്പിച്ചു. തുടർന്ന് അതിജീവിത അബോധാവസ്ഥയിലായെന്ന് പൊലീസ് പറഞ്ഞു. ബോധം വീണപ്പോഴാണ് താൻ ബലാത്സംഗത്തിന് ഇരയായതായി സംശയമുണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്ന് കാറിന്റെ ഡാഷ് കാം പരിശോധിച്ചപ്പോഴാണ് കുറ്റകൃത്യത്തിന്റെ വീഡിയോ ലഭിച്ചത്. ഈ തെളിവുകളുമായാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |