
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ വിദേശത്തേക്ക് കടത്തിയെന്ന പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദിണ്ഡിഗൽ സ്വദേശി ഡി-മണിയെ (ഡയമണ്ട് മണി) എസ്.ഐ.ടി രണ്ടു മണിക്കൂർ ചോദ്യംചെയ്തു. അടുത്തയാഴ്ച തിരുവനന്തപുരത്ത് ചോദ്യംചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകി.
സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും കേരളത്തിൽ ബിസിനസില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും മൊഴിനൽകി.
എസ്.ഐ.ടിക്ക് ആളുമാറിയതാണെന്നും താൻ റിയൽഎസ്റ്റേറ്റ് ബിസിനസുകാരൻ എം.എസ്.മണിയാണെന്നും നിലപാടെടുത്തു. തുടർന്ന് എസ്.ഐ.ടി ഫോട്ടോ പ്രവാസിയെ കാണിച്ച് സ്ഥിരീകരിച്ചശേഷമാണ് ചോദ്യം ചെയ്യലിലേക്ക് കടന്നത്. സുബ്രഹ്മണ്യം എന്നാണ് യഥാർത്ഥ പേര്.
ദിണ്ഡിഗലിലെ സ്ഥാപനങ്ങളിലും സഹായിയായ വിരുദുനഗറിലെ ശ്രീകൃഷ്ണന്റെ വീട്ടിലും പരിശോധന നടത്തി. ശ്രീകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വിഗ്രഹങ്ങളും പഴയ പാത്രങ്ങളും വിൽക്കുന്ന കടയിലും റെയ്ഡ് നടത്തി. പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതിലും മണിക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ പ്രവാസി വ്യവസായിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും.
ഇന്നലെ രാവിലെ 10.30ഓടെയാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ എസ്.ഐ.ടി ദിണ്ഡിഗലിലെ മണിയുടെ സ്ഥാപനത്തിലെത്തിയത്. പരിശോധനയ്ക്ക് തിരുവനന്തപുരം കോടതിയുടെ വാറണ്ടുമുണ്ടായിരുന്നു.
പ്രവാസിവ്യവസായി കൈമാറിയ ഫോൺനമ്പർ പിൻതുടർന്നാണ് ഡി-മണിയിലെത്തിയത്. സുഹൃത്തായ റിയൽഎസ്റ്റേറ്റുകാരൻ ബാലമുരുകന്റെ പേരിലെടുത്ത ഫോൺനമ്പറാണ് ഉപയോഗിക്കുന്നതെന്ന് മണി മൊഴിനൽകി. ബാലമുരുകന്റെ ഫോൺനമ്പർ പ്രതികളിലൊരാളുടെ ഫോണിൽ സേവ് ചെയ്തിരുന്നത് കൊണ്ടാണ് എസ്.ഐ.ടി എത്തിയതെന്നാണ് മണിയുടെ വാദം. പോറ്റിയുടെ ചിത്രം പൊലീസ് കാട്ടിയെങ്കിലും അറിയില്ലെന്ന് പറഞ്ഞു. സ്വർണബിസിനസ് ചെയ്യുന്നില്ലെന്നും പൊലീസ് തെറ്റിദ്ധരിച്ചതാണെന്നും പറഞ്ഞു.
പോറ്റിയുമായി നടത്തിയ
ഇടപാടുകൾ തേടി
# തിരുവനന്തപുരത്ത് വച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇടപാടുകൾ നടത്തിയിട്ടുണ്ടോ, സ്വർണപ്പാളികളോ വിഗ്രഹങ്ങളോ കൈമാറ്റം ചെയ്തോ എന്നാണ് അന്വേഷിക്കുന്നത്
# മണിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. 2019–20 കാലത്ത് 4 പഞ്ചലോഹ വിഗ്രഹങ്ങൾ രാജ്യാന്തര പുരാവസ്തുക്കടത്ത് സംഘത്തിനു വിറ്റെന്നും മണിയാണ് പണമെത്തിച്ചതെന്നും സൂചനയുണ്ട്
# ഇറിഡിയം തട്ടിപ്പിലും സാമ്പത്തിക തട്ടിപ്പുകളിലും മണി പ്രതിയായിട്ടുണ്ട്. പുരാതന കരകൗശല വസ്തുക്കളും ലോഹ ഉൽപ്പന്നങ്ങളും വിൽക്കുന്ന ബിസിനസും തട്ടിപ്പും സംഘത്തിനുമുണ്ട്
ഡയമണ്ട് മണിയായി
വളർന്ന ഓട്ടോ മണി
ഓട്ടോ ഡ്രൈവറായിരുന്ന മണി ഡയമണ്ട് മണിയെന്ന ഡി-മണിയായി വളർന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ. ആറു വർഷം പല ജോലികളിലും പല വേഷങ്ങളിലും എത്തി. സിനിമാ തിയേറ്ററിൽ പോപ്കോൺ വിറ്റിരുന്ന കാലത്ത് പേര് പോപ്കോൺ മണിയെന്നായിരുന്നു. കാന്റീനുകളും നടത്തിയിരുന്നു. ഫിനാൻസ് സ്ഥാപനം തുടങ്ങിയതോടെ ഫിനാൻസ് മണിയായി. പിന്നീടാണ് റിയൽ എസ്റ്റേറ്റ് മേഖലയിലേക്കെത്തിയത്. ജയലളിതയുമായി അടുപ്പമുണ്ടായിരുന്നെന്നും പറഞ്ഞുകേൾക്കുന്നു. 'ഡിണ്ടിഗൽ ബാലമുരുകൻ' എന്നാകാം യഥാർത്ഥ പേരെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആഭരണ, വിഗ്രഹ, പുരാവസ്തു ഇടപാടുകൾക്കുള്ള മറയാണ് റിയൽ എസ്റ്റേറ്റ് ഇടപാടുകളെന്ന് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |