തിരുവനന്തപുരം: നന്തൻകോട്ട് മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച കേസിൽ പ്രതി കേഡൽ ജിൻസൻ രാജയ്ക്ക് (38) ജീവപര്യന്തം. 15 ലക്ഷം രൂപ പിഴയും ഒടുക്കണം. അമ്മാവൻ ജോസ് സുന്ദരത്തിനാണ് ഈ തുക നൽകേണ്ടത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി കെ വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. കേഡൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസ് സുന്ദരം ഇവരുടെ വീടിന് സമീപത്തുള്ള നാല് സെന്റ് സ്ഥലവും വീടും കേഡലിന്റെ അമ്മയ്ക്ക് എഴുതി നൽകിയിരുന്നു. ഇപ്പോൾ ആരുടെയും സഹായമില്ലാതെ വീൽ ചെയറിൽ കഴിയുന്ന ജോസിന് പിഴത്തുക നൽകാനാണ് കോടതി വിധി. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാനസിക പ്രശ്നമുള്ളയാൾ എങ്ങനെ മൂന്നുപേരെ കത്തിച്ചുകൊല്ലുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. ആരോഗ്യം സഹകരിക്കാത്തത് മാനസികരോഗമായി വ്യാഖ്യാനിക്കാനാവില്ല. ജന്മം നൽകിയ അമ്മയെയും എങ്ങനെ കൊല്ലാൻ സാധിക്കും. കേഡൽ പുറത്തിറങ്ങിയാൽ വീണ്ടും ഇത്തരം പ്രവൃത്തികൾ ചെയ്യില്ലെന്ന് ആർക്ക് ഉറപ്പുനൽകാൻ കഴിയുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ചു പരിക്കേൽപ്പിക്കൽ, വീട് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് കേഡലിനെതിരെ ചുമത്തിയത്. തിരുവനന്തപുരം നന്തൻകോട് ക്ലിഫ് ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ അച്ഛൻ മാർത്താണ്ഡം ക്രിസ്ത്യൻ കോളേജിലെ പ്രൊഫസറായിരുന്ന രാജാ തങ്കം, അമ്മ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറായിരുന്ന ജീൻ പത്മ, എം.ബി.ബി.എസ് പൂർത്തിയാക്കിയ സഹോദരി കരോലിൻ, കാഴ്ച പരിമിതയായ ബന്ധു ലളിത എന്നിവരെയാണ് കേഡൽ കൊലപ്പെടുത്തിയത്. 2017ഏപ്രിൽ അഞ്ചിനും ആറിനുമായിരുന്നു കൂട്ടക്കൊലപാതകം നടന്നത്.
ഒൻപതിന് മൃതദേഹങ്ങൾ കത്തിക്കാൻ ശ്രമിക്കവേ വീടിന് തീപടർന്നതോടെയാണ് അരുംകൊല പുറംലോകമറിഞ്ഞത്. വീടിന്റെ രണ്ടാമത്തെ നിലയിലെ തന്റെ മുറിയിലേക്ക് പ്രതി ഓരോരുത്തരെയായി കൊണ്ടുപോയി മഴുകൊണ്ട് പിന്നിൽ നിന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് വെട്ടിനുറുക്കി ടോയ്‌ലറ്റിലിട്ട് കത്തിച്ചു. അതിനിടെ തീ ആളിപ്പടർന്ന് പ്രതിക്കും പൊള്ളലേറ്റു. തുടർന്ന് രക്ഷപ്പെട്ട പ്രതി ചെന്നൈയിലേക്ക് കടന്നു. തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പിടിയിലായത്.
2024 നവംബർ 13ന് കേസിൽ വിചാരണ തുടങ്ങി. 65 ദിവസം നീണ്ടു. 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 120 രേഖകളും 90 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളായിരുന്നു അന്വേഷണ സംഘത്തിന് ആശ്രയം. മഴുവിന് ആളുകളെ വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടതും മഴു ഓൺലൈനിൽ വാങ്ങിയതും പ്രധാന തെളിവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |