കോഴിക്കോട്: ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഫറോക്കിലെ വീട്ടിലായിരുന്നു താമസം.
ഗായകനും റേഡിയോ ആർട്ടിസ്റ്റുമായിരുന്ന കണ്ണൂർ കക്കാട് മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളാണ് വാസന്തി. ഒൻപതാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വേദിയിൽ വിപ്ലവഗാനം പാടിയായിരുന്നു തുടക്കം. അന്ന് സദസിലുണ്ടായിരുന്ന, എം.എസ്. ബാബുരാജാണ് സുഹൃത്തിന്റെ മകൾ കൂടിയായ വാസന്തിയെ നാടകത്തിന്റെയും സിനിമയുടെയും വഴിയിലേക്ക് കൈപിടിച്ചുയർത്തിയത്.
ബാബുരാജ് ആദ്യമായി സംഗീതം നൽകിയ 'തിരമാല" വാസന്തിയുടെയും ആദ്യ സിനിമയായി. എന്നാൽ സിനിമ വെളിച്ചം കണ്ടില്ല. വൈകാതെ രാമു കാര്യാട്ടിന്റെ 'മിന്നാമിനുങ്ങി"ൽ രണ്ടു പാട്ടുകൾ പാടി. തുടർന്നും സിനിമയിൽ അവസരങ്ങൾ വന്നെങ്കിലും ആകാശവാണിയിലെ തിരക്കിൽ മകളെയും കൊണ്ട് മദ്രാസിൽ പോയി നിൽക്കാൻ അച്ഛന് കഴിഞ്ഞില്ല. പിന്നീട് കോഴിക്കോട്ട് നാടകങ്ങളിൽ അഭിനയവും തുടങ്ങി. സിനിമയിലും നാടകങ്ങളിലും ആകാശവാണിയിലുമൊക്കെയായി ആയിരക്കണക്കിന് പാട്ടുകൾ വാസന്തി പാടി.'നമ്മളൊന്ന് " എന്ന നാടകത്തിൽ പൊൻകുന്നം ദാമോദരൻ എഴുതി ബാബുരാജ് ഈണമിട്ട പച്ചപ്പനംതത്തേ... പാടിയത് 13-ാം വയസിലാണ്. 'മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ... മധുരക്കിനാവിന്റെ കരിമ്പുതോട്ടം..., സിനിമയിലെ ഹിറ്റ്. 'ഓളവും തീരവും" സിനിമയിൽ യേശുദാസിനൊപ്പം പാടിയ ഈ ഗാനത്തിന്റെ ഈണം ബാബുരാജായിരുന്നു.
പരേതനായ ബാലകൃഷ്ണനാണ് (സിനിമാ പ്രൊജക്ടർ ഓപ്പറേറ്റർ) ഭർത്താവ്. മക്കൾ: മുരളി (കരാർ തൊഴിലാളി, ചേളാരി ഐ.ഒ.സി പ്ലാന്റ്), സംഗീത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |