തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റി വച്ചതായി ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലുമാണ് മാറ്റി വച്ചത്.വോട്ടെടുപ്പ് തീയതി പിന്നീട് അറിയിക്കും.
വിഴിഞ്ഞത്ത് ഇന്നാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. മുത്തേടത്ത് മറ്റന്നാളായിരുന്നു വോട്ടെടുപ്പ്. വിഴിഞ്ഞം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് (60) ആണ് മരിച്ചത്.നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ട് വന്ന് ജസ്റ്റിനെ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിച്ചു.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡായ പായിമ്പാടത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |