തിരുവനന്തപുരം: കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനിഉടമയ്ക്ക് ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ നഷ്ടമായത് 26 കോടി രൂപ.
2023 മേയ് മുതൽ പല തവണകളായാണ് തുക നഷ്ടമായത്. കഴിഞ്ഞ മാസം നഷ്ടമായ 15 ലക്ഷത്തോളം സൈബർ പൊലീസ് തിരിച്ചുപിടിച്ചു.
ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ ഇന്ത്യയിൽ ഒരാൾക്ക് നഷ്ടമാകുന്ന ഏറ്റവും വലിയ തുകയാണിത്. മഹാരാഷ്ട്രയിലും മംഗളൂരൂവിലും സൈബർ തട്ടിപ്പിലൂടെ 25 കോടിയോളം പലർക്കായി നഷ്ടപ്പെട്ടിട്ടുണ്ട് . ഓഹരിവിപണിയിൽ സജീവമായി ഇടപെടുന്ന വ്യവസായിയുമായി ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചാണ് പണം തട്ടിയത്. ഉയർന്ന വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്ക് വാങ്ങിനൽകാമെന്നും വൻതുക ലാഭമായി ലഭിക്കുമെന്നും വാഗ്ദാനം ചെയ്തു. രണ്ട് കോടി നിക്ഷേപം സ്വീകരിച്ച സംഘം നാല് കോടിയോളം ലാഭം ലഭിച്ചതായി രേഖ കാണിച്ചു. ഇതോടെ സംഘത്തിന്റ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് കൂടുതൽ പണം അയച്ചു. ഓരോ തവണ നിക്ഷേപിക്കുമ്പോഴും ഇരട്ടി തുകയാണ് ലാഭമായി കാണിച്ചിരുന്നത്. ഓഹരി വിൽക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജ ആപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
വൻതുകയായതിനാൽ കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്രാന്വേഷണ വിഭാഗത്തിന് വിട്ടേയ്ക്കും.സൈബർ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയായിരിക്കും അന്വേഷണം.
തലസ്ഥാനത്ത് ഒരു കോടി നഷ്ടം
തിരുവനന്തപുരത്ത് രണ്ട് പേരിൽനിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. വൻ ലാഭം വാഗ്ദാനം ചെയ്ത് കരമന സ്വദേശിയായ യുവതിയിൽനിന്ന് 73.07ലക്ഷം രൂപയോളം രൂപയാണ് തട്ടിയെടുത്തത്.
ജൂൺമുതൽ വിവിധ അക്കൗണ്ടുകളിലായി യുവതി തുക നിക്ഷേപിക്കുകയായിരുന്നു. വാട്സാപ് വഴി വന്ന പരസ്യത്തിന്റെ ലിങ്ക് തുറന്ന പരാതിക്കാരിയെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടും ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കിയും മൊബൈൽ ആപ്ലിക്കേഷനും വെബ്‌സൈറ്റും ഡൗൺലോഡ് ചെയ്യിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്.
വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ പേട്ട സ്വദേശിയായ 67 കാരനിൽനിന്ന് 34.26 ലക്ഷം രൂപയാണ് കൈയ്ക്കലാക്കിയത്. സി.ബി.ഐ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വന്ന ഫോൺ കോളിലായിരുന്നു തുടക്കം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാണെന്നും വെർച്വൽ അറസ്റ്റിലാക്കുമെന്നും ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവും ചോദിച്ച് മനസിലാക്കി. പണം നിയമവിധേയമാണോയെന്ന് അറിയാൻ പരിശോധിക്കണമെന്നും അല്ലെങ്കിൽ കേസ് എടുക്കുമെന്നും നിയമവിധേയമാണെങ്കിൽ പണം തിരിച്ചുനൽകുമെന്നും പറഞ്ഞു. കേസിൽ പ്രതിയാകുമെന്ന് ഭയന്ന് പണം അയച്ചുകൊടുക്കുകയായിരുന്നു. സൈബർ പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |