തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കോളേജ് വിദ്യാർത്ഥിയെ പൊലീസുകാർ മുണ്ടുടുപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിലായിരുന്നു സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായി മുണ്ടുടുത്തെത്തിയ വിദ്യാർത്ഥി അത് നേരെയാക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് പട്രോളിംഗ് നടത്തുകയായിരുന്ന മണ്ണന്തല സ്റ്റേഷനിലെ പൊലീസുകാർ അവിടെയെത്തിയത്. ജീപ്പ് നിറുത്തി ഇറങ്ങിയ രണ്ടു പൊലീസുകാർ വിദ്യാർത്ഥിയെ ശരിയായി മുണ്ടുടുപ്പിച്ചു. കര നേരെയാക്കി മുണ്ടുടുപ്പിച്ചതിന് പൊലീസുകാർക്ക് വിദ്യാർത്ഥി നന്ദിയും പറഞ്ഞു. പൊലീസ് മീഡിയ സെന്ററാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. ഇത് പുറത്തുവന്നതോടെ അഭിനന്ദന പ്രവാഹമായി. ഒരു ചേട്ടന് അനിയനോടുള്ള സ്നേഹം, ഊരാനും അറിയാം ഉടുപ്പിക്കാനും അറിയാം പൊലീസിന്, ഇതിനൊരു ബിഗ് സല്യൂട്ട് എന്നിങ്ങനെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
സീനിയർ സിവിൽ പൊലീസ് ഓഫീസർ അനൂപാണ് മുണ്ടുടുപ്പിച്ചത്. എസ്.ഐ സുരേഷ് കുമാർ, ഹോം ഗാർഡ് വിജയകുമാർ എന്നിവരാണ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |