SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.10 PM IST

ഫോണിൽ മറ്റൊരു  യുവാവുമൊത്തുള്ള  ചിത്രങ്ങൾ; കൊല നടത്തിയത് സംശയത്തെത്തുടർന്നെന്ന് ആൺസുഹൃത്ത്

Increase Font Size Decrease Font Size Print Page
chitrapriya

കൊച്ചി: മലയാറ്റൂരിൽ ബിരുദവിദ്യാർത്ഥി ചിത്രപ്രിയയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് സുഹൃത്ത് അലൻ. സംശയത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് അലൻ പൊലീസിന് മൊഴി നൽകിയത്. മദ്യലഹരിയിലായിരുന്നു കൊലപാതകം. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയത്. ബംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിക്ക് അവിടെ മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേയ്ക്ക് നയിച്ചത്. പെൺകുട്ടിയുടെ ഫോണിൽ യുവാവുമൊത്തുള്ള ചിത്രങ്ങൾ കണ്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും അലൻ പൊലീസിനോട് പറഞ്ഞു.

മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ (19). ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മലയാറ്റൂർ മണപ്പാട്ട് ചിറയ്‌ക്കടുത്ത് സെബിയൂർ റോഡിനടുത്തെ ഒഴിഞ്ഞ റബർതോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾക്ക് പരിക്കുണ്ട്. പെൺകുട്ടിയുടെ തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

അതേസമയം, പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് പെരുമ്പാവൂർ എഎസ്‌പി ഹാർദ്ദിക് മീണ വ്യക്തമാക്കി. കളമശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അലന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും എഎസ്‌പി വ്യക്തമാക്കി. പെൺകുട്ടിയുടെ മൊബൈൽ ഫോണും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ചിത്രപ്രിയയുടെ അമ്മ ഷിനി. വനംവകുപ്പിൽ താത്കാലിക ഫയർ വാച്ചറാണ് പിതാവ് ഷൈജു. സഹോദരൻ: അഭിജിത്ത്.

TAGS: CASE DIARY, CHITRAPRIYA, MALAYATTOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY