
കൊച്ചി: മലയാറ്റൂരിൽ കാമുകൻ കൊലപ്പെടുത്തിയ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ചിത്രപ്രിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയുടെ തലയ്ക്കേറ്റ ഗുരുതര പരിക്ക് കാരണമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും ചിത്രപ്രിയയുടെ തലയില്‍ അടിയേറ്റതിന്റെ ഒന്നില്‍ കൂടുതല്‍ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ശരീരത്തിൽ പിടിവലിയുടെ പാടുകളും ഉണ്ടായിരുന്നു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ചിത്രപ്രിയയുടെ കാമുകൻ അലന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ചിത്രപ്രിയയുടെ മരണം കൊലപാതകാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സംശയത്തെ തുടർന്ന് അലൻ മദ്യലഹരിയിൽ കല്ലുകൊണ്ട് പെൺകുട്ടിയെ തലയ്ക്കടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മുതലാണ് ചിത്രപ്രിയയെ കാണാതായത്. ഇതിനിടയിൽ അലനൊപ്പം ചിത്രപ്രിയ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഞായറാഴ്‌ച പുലർച്ചെ 1.53നുള്ള ദൃശ്യങ്ങളാണ് ഇവ. അലന്റെ പിന്നിലിരുന്നാണ് പെൺകുട്ടി സഞ്ചരിച്ചത്. ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ രണ്ടുപേരും ഉണ്ടായിരുന്നു.
പെൺകുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അലനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പെൺകുട്ടിയെ പ്രദേശത്ത് ബൈക്കിൽ കൊണ്ടുവിട്ടതാണെന്നാണ് തുടക്കത്തിൽ ഇയാൾ പറഞ്ഞത്. തുടർന്ന് പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. പിന്നീട് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. എന്നാൽ ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകിയില്ല. കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലനടത്തിയതായി കുറ്റസമ്മതം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |