
തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയുടെ ആദ്യ മേയറായി തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരമേറ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് ചരിത്രം കുറിച്ചു. ആശാനാഥ് ഡെപ്യൂട്ടി മേയറായി. പ്രവർത്തകരുടെ ആവേശോജ്വല മുദ്രാവാക്യം വിളികൾക്കിടയിൽ, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ് പ്രഖ്യാപിച്ചു.
സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പിന്തുണച്ചു. കോൺഗ്രസ് വിമതനായി വിജയിച്ച സുധീഷ്‌കുമാർ വിട്ടുനിന്നു.
100 അംഗങ്ങളിൽ (ആകെ 101, വിഴിഞ്ഞത്ത് വോട്ടടുപ്പ് മാറ്റിവച്ചിരുന്നു) രാജേഷിന് ലഭിച്ചത് 51 വോട്ട്. എൽ.ഡി.എഫിലെ ആർ.പി.ശിവജിക്ക് 29. കോൺഗ്രസിലെ കെ.എസ്.ശബരിനാഥിന് 17. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി.
ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ആശാനാഥിന് 50 വോട്ട്, യു.ഡി.എഫിലെ മേരി പുഷ്പത്തിന് 19, എൽ.ഡി.എഫിലെ രാഖി രവികുമാറിന് 28. ബി.ജെ.പിയിലേയും സി.പി.എമ്മിലേയും ഓരോ വോട്ടുകൾ അസാധുവായി.
വി.വി.രാജേഷിനെ ജില്ലാ കളക്ടർ മേയറുടെ ഔദ്യോഗിക ഗൗൺ അണിയിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, വി.മുരളീധരൻ, കെ.സുരേന്ദ്രൻ, സി.കെ.പത്മനാഭൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.
വി.വി. രാജേഷ് കേരളകൗമുദിയോട്
അഞ്ചു കൊല്ലത്തിനകം
വികസിത നഗരമാക്കും
സി.എസ്.സിദ്ധാർത്ഥൻ
അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് വികസനം എത്തുന്ന മൂന്ന് പ്രധാന നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന് മേയർ വി.വി.രാജേഷ് കേരളകൗമുദിയോട് പറഞ്ഞു. കോർപ്പറേഷനിലെ 101 വാർഡുകളിലും വേർതിരിവില്ലാത്ത വികസനവും പ്രതിപക്ഷ ബഹുമാനത്തോടെയുള്ള കൂട്ടായ പ്രവർത്തനവും നടത്തും.
?അടിയന്തര പ്രാധാന്യം ഏതിനൊക്കെ
മാലിന്യ നിർമ്മാർജനം, തെരുവുനായ ശല്യം ഒഴിവാക്കൽ. നികുതി വരുമാനത്തിലെ ചോർച്ചയും അടിയന്തരമായി പരിഹരിക്കും. സാധാരണ ജനങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനോടൊപ്പം വികസന പദ്ധതികൾക്കുമാണ് മുൻതൂക്കം നൽകുന്നത്.
?നഗരസഭയുടെ നിലവിലെ സ്ഥിതി
അഴിമതിയിൽ മുങ്ങിയാണ് കഴിഞ്ഞ ഭരണസമിതി പ്രവർത്തിച്ചത്. ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ വിശദമായി അഴിമതി ചൂണ്ടിക്കാട്ടിയിരുന്നു. അതെല്ലാം പരിഹരിക്കാൻ കൂട്ടായശ്രമം നടത്തും. നഗരസഭയിലെ വാഹനങ്ങളുടെ ഉപയോഗത്തിൽ കെടുകാര്യസ്ഥതയാണുള്ളത്. ആവശ്യമില്ലാതെ വാങ്ങിക്കൂട്ടിയ വാഹനങ്ങളും നഗരസഭയിലുണ്ട്. അതെല്ലാം പരിശോധിക്കണം.
?ശക്തമായ പ്രതിപക്ഷമാണല്ലോ
നല്ല ഭരണത്തിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. ശബരിനാഥൻ, എസ്.പി.ദീപക് എന്നിവരുമായൊക്കെ വർഷങ്ങളുടെ ബന്ധമുണ്ട്. വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ എതിര് നിൽക്കുന്നവരല്ല അവരൊന്നും. എല്ലാവരെയും ഒരുമിച്ച് ചേർത്ത് മുന്നോട്ടു പോകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |