കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി നൽകാമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പക്ഷേ ഇന്ന് രാവിലെ ഹർജി പരിഗണിച്ച സമയത്ത് മുരിങ്ങൂർ ഭാഗത്ത് സർവീസ് റോഡ് ഇടിഞ്ഞതിനെക്കുറിച്ച് ഹെെക്കോടതി ആരാഞ്ഞു.
ടോൾ പിരിവ് പുനഃരാരംഭിക്കുന്നതിന് മുൻപ് ദേശീയപാത അതോറിറ്റി സർവീസ് റോഡിന്റെ നിർമ്മാണത്തിന്റെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറെ അറിയിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടർ ഹെെക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വ്യാഴാഴ്ച പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരുടെ ബെഞ്ച് അറിയിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരുമാസം മുൻപാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്.
അതേസമയം, പുതുക്കിയ ടോൾ ആയിരിക്കുമോ ഇനിമുതൽ ഈടാക്കുകയെന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകുള്ളൂ. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ച് മുതല്‍ പത്ത് രൂപ വരെയുള്ള വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഒരു ഭാഗത്തേക്ക് പോകുന്ന കാറുകൾക്ക് 90 രൂപ ടോള്‍ നല്‍കിയിരുന്നത് ഇനി 95 രൂപ നല്‍കേണ്ടിവരും. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയായി ഉയരും. ഒന്നില്‍ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 രൂപയാകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും, ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മൾട്ടി ആക്സിൽ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നിൽ കൂടുതല്‍ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |