തിരുവനന്തപുരം: പൂജപ്പുര സ്വദേശി ഗണേശ് സുബ്രഹ്മണ്യത്തിന് സ്വർണശില്പം പണിയാൻ അരിമണി മതി. സ്വർണത്തരി ചേർത്തുവച്ച് ഗീതോപദേശവും മഹാഗണപതിയും പഞ്ചമുഖത്തോടു കൂടിയ വിരാട് വിശ്വകർമ്മദേവനും അരിമണികളിൽ രൂപമെടുത്തപ്പോൾ തിരുവിതാംകൂർ രാജകൊട്ടാരം മുതൽ രാഷ്ട്രപതി ഭവൻ വരെ അതിന്റെ ഖ്യാതി എത്തി. രണ്ട് മാസം മുമ്പാണ് രാഷ്ട്രപതി ഭവനിൽ പ്രദർനത്തിന് അവസരമുണ്ടായത്. രാഷ്ട്രപതി ദ്രൗപദി മുർമു ലെൻസിലൂടെ ശില്പങ്ങൾ കണ്ട് അത്ഭുതപ്പെട്ടു.
ദശാവതാരം, ശ്രീപദ്മനാഭസ്വാമി, ആറ്റുകാലമ്മ, ഗീതോപദേശം, മുരുകസ്വാമി, സ്വാമി അയ്യപ്പൻ, ക്രൂശിത ക്രിസ്‌തു, മക്കാ മദീന തുടങ്ങിയ നാനോ ശില്പങ്ങളും ഒരുക്കി. ഒരോന്നിന്റെയും ഭാരം 1 മുതൽ 25 മില്ലിഗ്രാം വരെമാത്രം. അരിമണി നോക്കിയാൽ ഉറുമ്പിന്റെ വലിപ്പത്തിൽ എന്തോ ഉണ്ടെന്നേ തോന്നൂ. എന്നാൽ ലെൻസിലൂടെ നോക്കുമ്പോൾ അത് വിസ്മയക്കാഴ്ചയാകും. സ്വർണപ്പണി ചെയ്യുന്ന കുടുംബത്തിൽ ജനിച്ച പൂജപ്പുര ചാടിയറ കമലാനിവാസിൽ ഗണേശ് സുബ്രഹ്മണ്യം (50) കൈക്കൊണ്ടാണ് അരിമണിയിൽ വിസ്മയമൊരുക്കുന്നത്. ഒന്നു മുതൽ ആറു മാസം വരെയെടുത്താണ് നിർമ്മാണം.
ഒരു പുസ്തകത്തിലെ ചെറുവീടിന്റെ ചിത്രം കണ്ടപ്പോഴാണ് എന്തുകൊണ്ട് സ്വർണത്തരിയിൽ ചെറുശില്പം നിർമ്മിച്ചുക്കൂടാ എന്ന ചിന്തയുണ്ടായത്. തുടർന്ന് 2005ൽ തോണിക്കാരന്റ ശില്പം ആദ്യമായി നിർമ്മിച്ചു.
ഉത്രാടം തിരുനാൾ സ്വർണപ്പതക്കം നൽകി
2009ൽ തിരുവിതാംകൂർ കൊട്ടാരത്തിലെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയ്ക്ക് പിറന്നാൾ സമ്മാനമായി ശ്രീപദ്മനാഭസ്വാമിയുടെ ശില്പം നൽകി. അത് അണിയാൻ പാകത്തിലാക്കാൻ അദ്ദേഹം നിർദ്ദേശിച്ചപ്പോൾ മോതിരമാക്കി. ശില്പം കാണാൻ കഴിയാത്തതിനാൽ ഒരു വശത്ത് ബട്ടൺ സ്ഥാപിച്ചു. അത് അമർത്തുമ്പോൾ സ്‌പ്രിംഗിൽ നിന്ന് ലെൻസ് പൊങ്ങി വരും. അതിലൂടെ പദ്മനാഭസ്വാമിയെ കാണാൻ കഴിയും. ആദരസൂചകമായി സ്വർണപതക്കം ലഭിച്ചു. 2010ലായിരുന്നു ആദ്യപൊതു പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |