തിരുവനന്തപുരം: ബഡ്ജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ച പുതിയ പെൻഷൻ പദ്ധതിയാണ് സർക്കാർ ഓഫീസുകളിൽ ചർച്ചാ വിഷയം. യഥാർത്ഥത്തിൽ, പദ്ധതി പുതിയതെന്ന് പറയാനാവില്ല. പങ്കാളിത്തപെൻഷൻ ഭേദഗതി വരുത്തി ആകർഷകമാക്കി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ആന്ധ്രാപ്രദേശ് നടപ്പാക്കുന്നതിന് സമാനമായ പദ്ധതിയാണ് കേരളം പരിഗണിക്കുന്നത്.
സ്റ്റാറ്റ്യൂട്ടറി പെൻഷൻകാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പങ്കാളിത്ത പെൻഷൻകാർക്കും ഉറപ്പാക്കുന്ന പദ്ധതിയാണത്. കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് പരിഷ്കരിച്ച് നടപ്പാക്കാനാണ് ആലോചന. അതിന് കേന്ദ്രാനുമതി വാങ്ങിയാൽ മതി.
രണ്ടു കാരണങ്ങളാൽ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മടങ്ങാൻ ബുദ്ധിമുട്ടുണ്ട്. വൻസാമ്പത്തിക ബാദ്ധ്യത തന്നെയാണ് മുഖ്യഘടകം. കേന്ദ്ര സർക്കാരുമായി കരാർ ഒപ്പുവച്ചാണ് പങ്കാളിത്ത പെൻഷനിൽ ചേരുന്നത്. അതിനാൽ അതിൽ നിന്ന് സ്വയം പിൻമാറാൻ കഴിയില്ല എന്നതാണ് രണ്ടാമത്തെ കാരണം. നാഷണൽ പെൻഷൻ ഫണ്ട് സ്കീമിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടുന്നത് അത്ര എളുപ്പവുമല്ല.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, തമിഴ്നാട്, ജാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും അക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. പക്ഷേ, അനുമതി കിട്ടിയിട്ടില്ല. പങ്കാളിത്ത വിഹിതം ഇപ്പോഴും അടച്ചുകൊണ്ടിരിക്കുകയാണ്.
റിട്ട. ജഡ്ജി എസ്. സതീഷ് ചന്ദ്രബാബു ചെയർമാനും പി.മാരപാണ്ഡ്യൻ,പ്രൊഫ.ഡി.നാരായണ എന്നിവർ അംഗങ്ങളുമായ സമിതി പങ്കാളിത്തപെൻഷൻ പരിഷ്കരിച്ച് നടപ്പാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയോളം തുക പെൻഷനായി കിട്ടും. ക്ഷാമബത്തയും കാലാകാലങ്ങളിൽ പരിഷ്കരിക്കും. ഗ്രാറ്റുവിറ്റി, എക്സ് ഗ്രേഷ്യ തുടങ്ങിയ ആനുകൂല്യങ്ങളും കിട്ടും.
നാഷണൽ പെൻഷൻ ഫണ്ട് സ്കീമിൽ നിക്ഷേപിച്ച തുകയുടെ 60% പിൻവലിക്കാമെന്നതാണ് പങ്കാളിത്ത പെൻഷനിലെ ഏകനേട്ടം. ക്ഷാമബത്ത ഫിക്സഡാണ്. വർദ്ധിക്കില്ല. അവസാനം വാങ്ങിയ ശമ്പളത്തിന്റെ കാൽഭാഗമേ പ്രതിമാസ പെൻഷനായി കിട്ടൂ.
ക്ഷാമബത്ത കാലാകാലം പരിഷ്കരിക്കും
1.പുതിയ പെൻഷൻ സ്കീമിൽ പങ്കാളിത്ത പെൻഷൻ തുടരും. അതേസമയം, സ്റ്റാറ്റ്യൂട്ടറി പെൻഷൻകാർക്ക് കിട്ടുന്നതുപോലെ അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയായിരിക്കും പ്രതിമാസ പെൻഷൻ.
2. ക്ഷാമബത്ത കാലാകാലങ്ങളിൽ പരിഷ്കരിക്കും. നാഷണൽ പെൻഷൻ ഫണ്ട് സ്കീമിൽ ജീവനക്കാരന്റെ നിക്ഷേപം കുറവാണെങ്കിൽ, ഗ്രാറ്റുവിറ്റിയും എക്സ്ഗ്രേഷ്യയും നൽകി അതു പരിഹരിക്കും.അതോടെ സ്റ്റാറ്റ്യൂട്ടറി പെൻഷൻകാർക്ക് കിട്ടുന്ന അതേതോതിൽ ആനുകൂലങ്ങൾ കിട്ടും.
3. ഇതിനായി എൻ.പി.എസിലെ സംസ്ഥാനവിഹിതം 10ൽ നിന്ന് 14ശതമാനമാക്കി വർദ്ധിപ്പിക്കും. രണ്ടുലക്ഷത്തോളം ജീവനക്കാരാണ് കേരളത്തിൽ നിന്ന് പങ്കാളിത്ത പെൻഷനിലുള്ളത്. ഇവരുടെ വിഹിതമായി 13000 കോടിയോളം രൂപ എൻ.പി.എസ് ഫണ്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |