തിരുവനന്തപുരം : ജനങ്ങളുടെ പണം കട്ടെടുത്തും കൈക്കൂലി വാങ്ങിയും സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് ജീവനക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്.
സേവനങ്ങൾ നൽകാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാമെന്ന് കരുതുന്നവരോട് ദാക്ഷിണ്യമില്ല. അത്തരം പുഴുക്കുത്തുകളെ ജീവനക്കാർ കണ്ടെത്തണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ഐക്യരാഷ്ട്രസഭയുടെ വികസന ലക്ഷ്യങ്ങളെക്കുറിച്ച് ജീവനക്കാരെ ബോധവത്ക്കരിക്കുന്ന പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം.
ക്ഷേമ,വികസന പദ്ധതികളിൽ നിന്ന് ലാഭമുണ്ടാക്കാമെന്ന് ചിന്തിക്കുന്ന ജീവനക്കാരുണ്ട്. കളവ് ആരും അറിയില്ലെന്നാണ് അവർ കരുതുന്നത്. പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റ് ചെയ്‌താൽ നടപടി എടുക്കാനും കഴിയുമെന്ന് ഓർക്കണം. ഇത്തരക്കാരുടെ വിവരശേഖരണവും അന്വേഷണവും നടത്തുകയാണ്. അവർക്കെതിരെ നടപടിയെടുത്ത് സർക്കാരിന്റെയും ജീവനക്കാരുടെയും അന്തസ് ഉയർത്തിപ്പിടിക്കും. വികസനരംഗത്തെ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ ജീവനക്കാർക്ക് വലിയ പങ്കുണ്ട്. ഒരു വകുപ്പിനും ഒരു ഉദ്യോഗസ്ഥനും ഇതിൽ നിന്നും മാറിനിൽക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള നഗരനയത്തിന് കമ്മീഷൻ
സുസ്ഥിര നഗരങ്ങളെന്ന ലക്ഷ്യത്തോടെ സർക്കാർ മുന്നോട്ടുവയ്ക്കുന്ന നവകേരള നഗരനയത്തിനായി
അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധരെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കായുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിൽ ഒരു അന്താരാഷ്ട്ര കൺസൾട്ടന്റിന്റെ സഹായം തേടും. നഗരവികസവുമായി ബന്ധപ്പെട്ട നഗര പുനരുജ്ജീവനത്തിനും സൗന്ദര്യവത്ക്കരണത്തിനും പ്രാഥമിക ചിലവായി 300 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ ആദ്യ ഗഡുവായ 100 കോടി രൂപ കിഫ്ബി മുഖേന അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |